ചെന്നൈ: പി.എസ്.ബി.ബി. സ്കൂൾ സംഭവത്തിന് പിന്നാലെ അധ്യാപകരിൽനിന്ന് നേരിട്ട പീഡനങ്ങൾ പങ്കുവെച്ച് മറ്റു സ്കൂളുകളിലെ കൂടുതൽ വിദ്യാർഥികൾ രംഗത്തുവരുന്നു.

പി.എസ്.ബി.ബി.യിലേതിന് സമാനമായ പരാതികളുയർന്നതിനെത്തുടർന്ന് അയനാവരത്തെ മഹർഷി വിദ്യാമന്ദിർ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് അധ്യാപകൻ ജെ. ആനന്ദിനെ സസ്പെൻഡ് ചെയ്തു. ഹയർ സെക്കൻഡറി അധ്യാപകനായ ആനന്ദിനെതിരേ ലൈംഗികാതിക്രമമുൾപ്പെടെ ഗുരുതര ആരോപണങ്ങൾ പൂർവ വിദ്യാർഥിനികളാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. സ്കൂൾ മാനേജ്മെന്റിന് ഇ-മെയിലായും പരാതി നൽകി. അതേത്തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇപ്പോഴത്തെയോ പൂർവവിദ്യാർഥികളുമായോ യാതൊരു വിധത്തിലുമുള്ള ബന്ധവും പാടില്ലെന്നും അധ്യാപകനോട് നിർദേശിച്ചിട്ടുണ്ട്.

പരാതികളെക്കുറിച്ച് ആഭ്യന്തര സമിതി അന്വേഷിക്കും. നിഷ്പക്ഷവും സുതാര്യമായ അന്വേഷണം നടത്തി റിപ്പോർട്ട് വൈകാതെ സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ മേൽനടപടിയെടുക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. അതിനിടെ, സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതായി ചെന്നൈ പോലീസ് കമ്മിഷണർ ശങ്കർ ജിവാൽ അറിയിച്ചു. സാമൂഹികമാധ്യമങ്ങളിൽ വരുന്ന ഇത്തരം പരാതികൾ നിരീക്ഷിക്കുന്നതിന് പ്രത്യേക സൈബർ ക്രൈം പോലീസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും കമ്മിഷണർ പറഞ്ഞു.