കൊച്ചി:  പുരാവസ്തുശേഖരവുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍. സാമ്പത്തിക തട്ടിപ്പിന് പുറമേ സ്വര്‍ണക്കടത്തിലും മനുഷ്യക്കടത്തിലും മോന്‍സണ് പങ്കുണ്ടെന്നാണ് നേരത്തെ ഇയാള്‍ക്കെതിരേ പരാതി നല്‍കിയ ഷാജി ചെറായിലിന്റെ ആരോപണം. മോന്‍സണെതിരേ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലും ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. 

മോന്‍സണിന്റെ വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജിങ്ങും നടക്കുന്നതായാണ് പരാതിക്കാരന്‍ പറയുന്നത്. 15-16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് മസാജിങ് നടത്തുന്നത്. മോന്‍സണിന്റെ കൊച്ചിയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ മുകള്‍നിലയില്‍ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. താഴത്തെനിലയില്‍ രണ്ട് സ്ത്രീകളാണ് അന്ന് ഉണ്ടായിരുന്നത്. 15 വയസ്സുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജിങ് നടക്കുന്നുണ്ടെന്ന് ഡ്രൈവറായിരുന്ന അജിത്തും പറഞ്ഞിട്ടുണ്ട്. പ്രമുഖരടക്കം മോന്‍സണിന്റെ വീട്ടില്‍ വന്നുപോയിട്ടുമുണ്ട്. ഇക്കാര്യം പോലീസുകാര്‍ക്കും അറിയാം. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം ഉന്നതതലങ്ങളില്‍ മുക്കിയെന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരമെന്നും ഷാജി ചെറായില്‍ വ്യക്തമാക്കി. 

മോന്‍സണിന്റെ വീട്ടില്‍ രാത്രിസമയങ്ങളില്‍ വാഹനങ്ങള്‍ വന്നുപോകുന്നതായി നാട്ടുകാരും പറഞ്ഞിട്ടുണ്ട്. പഠിപ്പിക്കാനെന്ന വ്യാജേന പാവപ്പെട്ട പെണ്‍കുട്ടികളെ മോന്‍സണ്‍ ചെന്നൈയില്‍ താമസിപ്പിച്ചിരുന്നു. ഇവിടേക്ക് മോന്‍സണ്‍ ഇടയ്ക്കിടെ പോകാറുണ്ടെന്ന് അജിത്തും പറഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. ഇതുസംബന്ധിച്ച് ഫോണിലൂടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്നും ഷാജി പറഞ്ഞു. സുന്ദരികളായ യുവതികളാണ് മോന്‍സണിന്റെ സ്റ്റാഫിലുണ്ടായിരുന്നതെന്നും സിനിമാനടിമാരുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും പരാതിക്കാരന്‍ ആരോപിക്കുന്നു. 

അതിനിടെ, തിരുവനന്തപുരം കിളിമാനൂരിലും മോന്‍സണ്‍ പുരാവസ്തു തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കിളിമാനൂരിലെ സന്തോഷ് എന്നയാള്‍ മുഖേനെയാണ് ഇവിടങ്ങളില്‍ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. സന്തോഷ് മോന്‍സണിന്റെ കൂട്ടാളിയാണെന്നും ഇയാള്‍ക്ക് എല്ലാസഹായവും ചെയ്തുനല്‍കിയതെന്ന് മോന്‍സണാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

പുരാവസ്തു ബിസിനസിന്റെ പേരില്‍ കിളിമാനൂരിലെ പലരില്‍നിന്നുമായി ലക്ഷങ്ങളാണ് സന്തോഷ് തട്ടിയെടുത്തത്. നാണയം സന്തോഷ് എന്നറിയപ്പെട്ടിരുന്ന ഇയാള്‍ പുരാവസ്തു ബിസിനസ് വന്‍തോതില്‍ വളരുമെന്നും വലിയലാഭം കിട്ടുമെന്നും വിശ്വസിപ്പിച്ചിരുന്നു. ലക്ഷങ്ങള്‍ മുടക്കിയ പലര്‍ക്കും മാസങ്ങളോളം പലിശയായി ഒരുവിഹിതവും നല്‍കി. എന്നാല്‍ പിന്നീട് ഇത് മുടങ്ങിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പണം നല്‍കിയവര്‍ക്ക് ബോധ്യപ്പെട്ടത്.

ഇതിനിടെ, ചെറിയ തുക മുടക്കിയവര്‍ക്ക് സന്തോഷ് പണം തിരിച്ചുനല്‍കിയിരുന്നു. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് പണം തിരിച്ചുനല്‍കിയത്. മോന്‍സണിന്റെ വീട്ടില്‍വെച്ചാണ് സന്തോഷ് പണം തിരികെനല്‍കിയതെന്ന് ഇവര്‍ കഴിഞ്ഞദിവസമാണ് തിരിച്ചറിഞ്ഞത്. മാത്രമല്ല, മോന്‍സണിന്റെ വീട്ടില്‍നിന്നെടുത്ത സന്തോഷിന്റെ ചില ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കിളിമാനൂരില്‍നിന്ന് മുങ്ങിയ സന്തോഷിനെതിരേ ഏതാനും പരാതികള്‍ മാത്രമാണ് നിലവിലുള്ളത്. പണം നഷ്ടപ്പെട്ട പലരും നാണക്കേട് ഭയന്ന് പരാതി നല്‍കിയില്ലെന്നാണ് വിവരം. ഇയാളുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളും തുടരുകയാണ്. അതേസമയം, സന്തോഷിന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുശേഖരമെല്ലാം പിന്നീട് മോന്‍സണ്‍ സ്വന്തമാക്കിയതായാണ് കണ്ടെത്തല്‍. സന്തോഷിനെ കൂട്ടാളിയാക്കിയ മോന്‍സണ്‍ ഇയാള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുനല്‍കുകയായിരുന്നു. 

Content Highlights: more allegations against monson mavukal