മംഗളൂരു: സദാചാരഗുണ്ടകള്‍ക്കൊപ്പം യുവാവിനെ ശാരീരികമായി പീഡിപ്പിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ അന്വേഷണത്തിന് ദക്ഷിണകന്നഡ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. മംഗളൂരുവിനടുത്ത് സുബ്രഹ്മണ്യ പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസുകാരുടെ പേരിലാണ് അന്വേഷണം. കന്നഡസിനിമയിലെ തുടക്കക്കാരിയായ നടി അനുഷ്‌ക സാമൂഹികമാധ്യമത്തില്‍ പോസ്റ്റുചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. police

ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് സ്വദേശിനിയായ അനുഷ്‌ക ഡിസംബര്‍ 19-ന് ക്ഷേത്രദര്‍ശനത്തിനായാണ് സുബ്രഹ്മണ്യയിലെത്തിയത്. ഒറ്റയ്ക്കായിരുന്നതിനാല്‍ ഹോട്ടലില്‍ മുറി ലഭിച്ചില്ല. ക്ഷേത്രത്തിന്റെ ഡോര്‍മെട്രിയിലാണ് അന്നു കഴിഞ്ഞത്. അടുത്ത ദിവസം സുബ്രഹ്മണ്യ സ്വദേശിയായ ഒരു സുഹൃത്തിനെ കൂട്ടിനായി വിളിച്ചുവരുത്തി. ഇയാള്‍ക്കൊപ്പം ഷോപ്പിങ്ങിനും മറ്റുമായി സുബ്രഹ്മണ്യ പട്ടണത്തില്‍ അനുഷ്‌ക ചുറ്റിനടന്നു. ഇത് ശ്രദ്ധയില്‍പ്പെ ചില സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു. 

സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും സുബ്രഹ്മണ്യ സ്റ്റേഷനില്‍ കൊണ്ടുപോയി. സുഹൃത്തിന്റെ പേരില്‍ മൊഴിനല്‍കിയില്ലെങ്കില്‍ അയാളെ തീവ്രവാദക്കേസുകളില്‍ പ്രതിയാക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും സദാചാരഗുണ്ടകളുടെ താത്പര്യപ്രകാരം പോലീസ് പ്രവര്‍ത്തിച്ചുവെന്നുമാണ് അനുഷ്‌കയുടെ പോസ്റ്റില്‍ പറയുന്നത്. ഇത് വൈറലായതിനെത്തുടര്‍ന്നാണ് ദക്ഷിണകന്നഡ ജില്ലാ പോലീസ് മേധാവി സുധീര്‍ കുമാര്‍ റെഡ്ഡി അന്വേഷണത്തിനുത്തരവിട്ടത്. 

Content highlights: Moral policing, Mangaluru, Chamaraj Nagar district