തിരൂര്‍: കാറിലിരുന്ന് സംസാരിക്കുകയായിരുന്ന സഹപ്രവര്‍ത്തകരായ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍.

തിരൂര്‍ കോട്ട് കാക്കടവ് സ്വദേശി ആളത്തില്‍ സെഫീര്‍ റഹ്മാന്‍ (29), കോട്ട് ഇല്ലത്തപ്പാടം പിലാവിളയകത്ത് സുധീഷ്‌കുമാര്‍ (അച്ചായന്‍-44), കോട്ട് കാക്കടവ് പുന്നയില്‍വീട്ടില്‍ മുബീന്‍ (മുബി-27), ഏഴൂര്‍ പി.സി. പടിയിലെ കാവുങ്ങല്‍ നിധീഷ് (ജിത്തു-23) എന്നിവരെയാണ് സി.ഐ ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്ചെയ്തത്.

കഴിഞ്ഞദിവസം തിരൂര്‍ ചെമ്പ്ര കുണ്ടനാത്തുകടവ് പാലത്തിനുസമീപമാണ് സംഭവം. യുവതിയുടെയും സുഹൃത്തിന്റെയും ഫോട്ടോയും വീഡിയോയുമെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

പരാതിക്കാരന്റെ വാച്ചും 8000 രൂപയുമെടുത്തു. എ.ടി.എം. കാര്‍ഡ് കൈവശപ്പെടുത്തി 20,000 രൂപയും തട്ടിയെടുത്തിരുന്നു. ഭീഷണിപ്പെടുത്തി 2,10,000 രൂപ വാങ്ങുകയുംചെയ്തു. ആകെ 2,38,000 രൂപ അപഹരിച്ചതായാണ് പരാതി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

Content Highlights: moral policing and money theft; four arrested in tirur malappuram