കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ല് വനംവകുപ്പ് കണ്ടെത്തി. മോണ്‍സന്റെ പുരാവസ്തു മ്യൂസിയത്തിലാണ് തിമിംഗിലത്തിന്റെ രണ്ട് എല്ലുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ മോന്‍സന്റെ അറസ്റ്റിന് മൂന്നുദിവസം മുമ്പ് ഇവ മ്യൂസിയത്തില്‍ നിന്ന് കടത്തിയിരുന്നു. കാക്കനാട്ടെ ഒരുവീട്ടില്‍ നിന്നാണ് വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഇവ പിടിച്ചെടുത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തു. 

തിമിംഗിലത്തിന്റെ എല്ല് മ്യൂസിയത്തില്‍ നിന്ന് മാറ്റിയതായി ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ബോധ്യപ്പെട്ടത്. ഇക്കാര്യം ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഇവ കണ്ടെത്തിയത്. എല്ലുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. 

മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കള്‍ വ്യാജമാണെന്ന് നേരത്തെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ തിമിംഗിലത്തിന്റെ എല്ല് യഥാര്‍ഥമായതിനാലാണ് ഇവ വീട്ടില്‍നിന്ന് കടത്തിയതെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരം വനംവകുപ്പിന് കൈമാറിയത്. 

ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സന്റെ അടുത്ത സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. മേക്കപ്പ്മാനായ ജോഷിയെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഈ പെണ്‍കുട്ടിയുടെ പരാതിയില്‍ മോണ്‍സനെതിരേയും പോക്‌സോ കേസ് ചുമത്തിയിരുന്നു. ജോഷിയെ ഞായറാഴ്ച തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

content highlights: monson's makeup man arrested in pocso case, whale bone found