കൊച്ചി: മോന്‍സന്റെ തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞതും ഇരയായവരെ ഒരുമിച്ചുകൂട്ടി നിയമനടപടികള്‍ക്ക് മുന്നിട്ടിറങ്ങിയതും ആദ്യം സുഹൃത്തായിരുന്ന യുവതി. പ്രവാസി ഫെഡറേഷന്‍ രക്ഷാധികാരി എന്നനിലയിലാണ് മോന്‍സണ്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുത്തത്. ഈ സൗഹൃദങ്ങള്‍ മുതലാക്കി എടുത്ത ചിത്രങ്ങളുപയോഗിച്ചാണ് മറ്റുള്ളവരെ തന്റെ ബിസിനസിലേക്ക് ആകര്‍ഷിക്കുന്നത്.

പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററായ കൊച്ചി സ്വദേശിനിയുമായി ഇത്തരത്തിലാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. ഉന്നതരാഷ്ട്രീയക്കാരോടും പോലീസ് ഉദ്യോഗസ്ഥരോടും അടുത്തബന്ധം പുലര്‍ത്തുന്ന ആളാണ് ഈ യുവതി. ലോക കേരള സഭ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ പരിപാടികളിലും ഇവര്‍ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവരുമായി ബന്ധപ്പെട്ട വാര്‍ത്തകളും സാമൂഹിക മാധ്യമങ്ങള്‍ വഴി യുവതി പങ്കുവെച്ചിട്ടുണ്ട്.

മോന്‍സന്റെ തട്ടിപ്പ് ഇവര്‍ മനസ്സിലാക്കിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അപകടംമണത്ത യുവതി ഇയാള്‍ക്കെതിരേ തിരിഞ്ഞു. മോണ്‍സന്റെ തട്ടിപ്പിനെപ്പറ്റി സുഹൃത്തുക്കള്‍ക്ക് ഇവര്‍ മുന്നറിയിപ്പുനല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ മോണ്‍സണ്‍ അറസ്റ്റിലാകുമെന്ന വിവരവും ഇവര്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.

തട്ടിപ്പ് തുടങ്ങിയത് ഫെമയുടെ പേരില്‍

കൊച്ചി: വിദേശത്തുനിന്ന് വരാനുള്ള പണം ഫെമ (ഫോറിന്‍ എക്‌സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) പ്രകാരം തടഞ്ഞുവെച്ചെന്ന് അറിയിച്ചാണ് മോന്‍സണ്‍ മാവുങ്കല്‍ പണം തട്ടിയിരുന്നത്. സ്വന്തമായി പാസ്‌പോര്‍ട്ട് പോലും ഇല്ലാത്ത മോന്‍സണ്‍ വിദേശത്ത് പോയി എന്ന് ആളുകളെ പറഞ്ഞു പറ്റിക്കുകയായിരുന്നു.

ഇടുക്കി രാജകുമാരിയില്‍നിന്നാണ് തട്ടിപ്പിന്റെ തുടക്കം. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തമിഴ്നാട് അതിര്‍ത്തിയില്‍ കൊണ്ടുപോയി വില്‍ക്കുന്ന ജോലിയാണ് ആദ്യം നടത്തിയത്. പിന്നീട് നിരവധി പേരെ സാമ്പത്തിക തട്ടിപ്പിനിരയാക്കി. രാജാക്കാട് മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നയാളടക്കം തട്ടിപ്പിനിരയായി.

പിന്നീട് സ്വന്തം നാടായ ചേര്‍ത്തലയിലേക്ക് പ്രവര്‍ത്തനം മാറ്റി. ചേര്‍ത്തലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നിടത്തെ ആളെ പറ്റിച്ച് ഇവിടെ നിന്ന് കടന്നു. കൊച്ചിയിലെത്തിയതോടെയാണ് ഫെമയുടെ പേരു പറഞ്ഞുള്ള തട്ടിപ്പു തുടങ്ങുന്നത്.

2014-ല്‍ കലൂരിലെ വീട്ടിലേക്ക് താമസം മാറി. പിന്നാലെയാണ് പുരാവസ്തു വില്പനക്കാരനായി രംഗപ്രവേശം ചെയ്യുന്നത്. പുരാവസ്തുക്കളുടെയും വജ്രത്തിന്റെയും വ്യാപാരമാണെന്ന് ആളുകളോട് പറഞ്ഞ് ഫലിപ്പിക്കും. പിന്നാലെ കോടിക്കണക്കിന് പണം പുരാവസ്തു വിറ്റ വകയില്‍ വരാനുണ്ടെന്നും ഇത് ഫെമ തടഞ്ഞിരിക്കുകയാണെന്നും അറിയിക്കും. വ്യാജ അക്കൗണ്ട് രേഖകളും കാണിക്കും. തടഞ്ഞുവെച്ചിരിക്കുന്ന പണം തിരികെ കിട്ടാന്‍ സാമ്പത്തികമായി സഹായിച്ചാല്‍ ഇഷ്ടമുള്ള അത്രയും പണം തിരികെ നല്‍കുമെന്ന് അറിയിക്കുന്നതോടെ ഭൂരിഭാഗം പേരും തട്ടിപ്പില്‍ വീഴും.

ഫെമയിലെ ഉദ്യോഗസ്ഥര്‍ തന്നെ കാണാന്‍ വന്നതെന്നു കാണിക്കാന്‍ ഹരിയാണ രജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ചിത്രവും മോന്‍സണ്‍ ഉപയോഗിച്ചിരുന്നു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഇത്തരത്തില്‍ പരാതിക്കാര്‍ക്കു നല്‍കിയിരുന്നത്.

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്തേക്കും. കേസില്‍ കള്ളപ്പണ ഇടപാട് സാധ്യത പരിഗണിച്ചാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നത്. നിലവില്‍ 10 കോടി രൂപ നഷ്ടമായി എന്നാണ് പരാതി. പ്രതി കോടികളുടെ ഇടപാട് നടത്തിയതായും വിവരമുണ്ട്. കണക്കില്‍പ്പെടാത്ത പണമാണ് മോന്‍സണ് പലരും കൈമാറിയത്. അഞ്ച് കോടി രൂപയ്ക്കു മുകളിലുള്ള സാമ്പത്തിക ഇടപാടാണെങ്കില്‍ ഇ.ഡി.ക്ക് കേസെടുക്കാം.

Conent Highlights: Monson Mavunkal, money looting case