'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ' എന്നത് പഴഞ്ചൊല്ലാണെങ്കിലും മോന്‍സണ്‍ മാവുങ്കലിന്റെ കാര്യത്തിൽ അത് യഥാർത്ഥ്യമായി. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തു ശേഖരങ്ങൾ തന്റെ പക്കലുണ്ട് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന മോന്‍സണ്‍ മാവുങ്കൽ അറസ്റ്റിലാകുമ്പോൾ ചുരുളഴിയുന്നത് വലിയൊരു തട്ടിപ്പിന്റെ കഥ കൂടിയാണ്. വർഷങ്ങളോളം പലരേയും പറഞ്ഞ് പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്ന മോന്‍സണ്‍ ഒടുവിൽ ക്രൈംബ്രാഞ്ചിന്റെ വലയിലായി.

കൊച്ചി കേന്ദ്രീകരിച്ചായിരുന്നു മോന്‍സണ്‍ പുരാവസ്തു കേന്ദ്രം നടത്തി വന്നിരുന്നത്. എന്നാൽ ഇതൊക്കെ തട്ടിപ്പാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്.  2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ച് അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ കലൂരിലേ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്.

കൊട്ടാര സമാന വീട്, രാജാവിനെ പോലെ ജീവിതം

രാജകീയ ജീവിതമായിരുന്നു മോന്‍സണ്‍ നയിച്ചിരുന്നത്. പാട്ടും നൃത്തങ്ങളും കളി ചിരികളുമായി നടിമാർ അടക്കമുള്ളവർ ഇയാള്‍ക്ക്  ചുറ്റിലും എന്നും ഉണ്ടായിരുന്നു. കൊട്ടാര സമാന വീട്ടിലായിരുന്നു ഇയാളുടെ പുരാവസ്തു ശേഖരങ്ങളും ഉണ്ടായിരുന്നത്. ഇതുകൂടാതെ ജിഎംസി കാരവാൻ ഉൾപ്പെടെയുള്ള കാറുകളുടെ ശേഖരം തന്നെ മോന്‍സണിനുണ്ടായിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ ചുറ്റും ബ്ലാക് ക്യാറ്റ്സിനെ പോലുള്ള ഒരു സംഘം അനുഗമിക്കും. നടൻ, എഴുത്തുകാരൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിലും മോന്‍സണ്‍ അറിയപ്പെട്ടിരുന്നു.

monson mavunkal
മോന്‍സണ്‍ മാവുങ്കല്‍

തട്ടിപ്പിന്റെ രീതി

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. പണം സംഭാവന നൽകി അതിന്റെ ഇരട്ടി പണം തിരിച്ച് വാങ്ങിക്കുക എന്ന രീതിയും മോന്‍സണ്‍ തുടർന്നിരുന്നു. പല കമ്പനികൾക്കും പല സ്ഥാപനങ്ങൾക്കും ലക്ഷങ്ങളും കോടികളും ആയിരുന്നു സംഭാവനകൾ നൽകിയത്. പിന്നീട് തന്റെ പണം ബാങ്കിൽ ബ്ലോക്കായി കിടക്കുകയാണെന്നും അത് തിരിച്ചെടുക്കാൻ കുറച്ച് പണം വേണമെന്നും പറഞ്ഞ് ഇവരിൽ നിന്ന് ഇരട്ടി പണം വാങ്ങിക്കുകയും ചെയ്തിരുന്നു.

മോന്‍സണിന് പണം നല്‍കുന്നവര്‍ കള്ളപ്പണം നല്‍കുന്നത് കൊണ്ട് തന്നെ പറ്റിക്കപ്പെട്ടു എന്നറിഞ്ഞാല്‍ അത് പരാതിപ്പെടാനും മടിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോട് സ്വദേശികളായ യാഖൂബ് ഖാനും മറ്റ് അഞ്ച് പേരുമാണ് ഇയാള്‍ക്കെതിരേ പരാതികളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങള്‍ പറത്തു വന്നത്. സംസ്ഥാനത്തെ പല പ്രമുഖരേയും ഇയാളുടെ പുരാവസ്തു കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. ശേഷം ഈ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി പല ഉന്നതരായ ആളുകളെയും തട്ടിപ്പിന് ഇരയാക്കുകയായിരുന്നു.

പബ്ലിസിറ്റിക്കായി യൂട്യൂബർമാരും

വിശാലമായ പുരാവസ്തു ശേഖരവും മറ്റും പുറംലോകത്തെത്തിക്കാന്‍ മോന്‍സണ്‍ ഉപയോഗിച്ചത് യൂട്യൂബര്‍മാരെയും മറ്റു മാധ്യമങ്ങളേയും തന്നെ ആയിരുന്നു. പുരാതനമെന്നും വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന സാധനങ്ങള്‍ എല്ലാവര്‍ക്കും കാണാനും അത് കൈയില്‍ എടുക്കാനും സാധിക്കുന്ന രീതിയിലായിരുന്നു ഇയാള്‍ ക്രമീകരിച്ചിരുന്നത്. ഇത് പല യൂട്യൂബര്‍മാരെയും ആകര്‍ഷിക്കുകയും അവര്‍ അവരുടെ ചാനലുകള്‍ വഴി പുറം ലോകത്തെത്തിക്കുകയും ചെയ്തു.

ഉന്നതരുമായി അടുത്ത ബന്ധം

മന്ത്രിമാരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും മതനേതാക്കളും അടക്കം നിരവധി ഉന്നത ബന്ധങ്ങളായിരുന്നു ഇയാള്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും പരാതികളിലും മറ്റും പോലീസുകാര്‍ക്ക് നടപടിയെക്കാനാകാത്ത വിധത്തില്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. ഇത് മുതലെടുത്ത് കൊണ്ടായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പരാതികളിന്മേല്‍ നടപടികളുമായി പോലീസ് നീങ്ങിയാല്‍, മുകളില്‍ നിന്ന് അത് തടസ്സപ്പെടുത്തും. ഇതുകൊണ്ട് തന്നെ പല പോലീസുകാര്‍ക്കും ഇയാളോട് നീരസമുണ്ടായിരുന്നു.

മോശയുടെ വടി, യേശുവിന്‍റെ വസ്ത്രം, ഒറ്റിക്കൊടുത്ത വെള്ളിക്കാശ്

പുറപ്പാട് പുസ്തകത്തിൽ പറയുന്നത് പ്രകാരം, മോശയുടെ കൈയിൽ എപ്പോഴും ഒരു വടിയുണ്ടായിരുന്നുവെന്നും ഈ വടി ഉപയോഗിച്ചായിരുന്നു എല്ലാ അത്ഭുതങ്ങളും ചെയ്തിരുന്നതു എന്നാണ് വിശ്വാസം. എന്നാൽ ഈ വടി നമ്മുടെ കേരളത്തിൽ ഉണ്ട് എന്നായിരുന്നു ഇത്രയും കാലം മോന്‍സണ്‍ മാവുങ്കൽ വിശ്വസിപ്പിച്ചിരുന്നത്. തന്റെ പുരാവസ്തു ശേഖരത്തിൽ പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിച്ചിരുന്ന ഒന്നായിരുന്നു മോശയുടെ വടി. വർഷങ്ങൾക്ക് മുമ്പ് മോശ ഉപയോഗിച്ച വടി ആണ് തന്റെ പക്കൽ ഉണ്ടായിരുന്നത് എന്ന് പറഞ്ഞപ്പോൾ അത് പലരും വിശ്വസിക്കുകയും ചെയ്തു.

Coin
വെള്ളിക്കാശ് | Photo: Screengrab

രണ്ട് മരങ്ങളിലാണ് വടി കൊത്തിവെച്ചിരിക്കുന്നത്. ഒരു വടിയില്‍ പാമ്പു ചുറ്റിപ്പിണഞ്ഞ രീതിയിലാണ് വടിയുടെ രൂപം. ഇത് മ്യൂസിയത്തില്‍ നിന്ന് വാങ്ങിച്ചതാണ് എന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. 2000 വര്‍ഷങ്ങള്‍ക്ക് മേലെ പഴക്കമുള്ള വടിയാണ് ഇതെന്നാണ് ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. യേശുവിനെ ഒറ്റിക്കൊടുക്കാന്‍ വേണ്ടി ഉപയോഗിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണം കേരളത്തിലുണ്ട് എന്നായിരുന്നു മറ്റൊരു അവകാശവാദം. വിദേശത്ത് നിന്ന് ആധികാരികമായി സ്വന്തമാക്കിയത് എന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. ഇതിന്റെ കൈവശ രേഖകളും ഇയാളുടെ പക്കല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. യേശുവിനെ കുരിശിലേറ്റിയ നേരത്ത് ഉപയോഗിച്ചിരുന്ന ചോര പുരണ്ട വസ്ത്രവും പുരാ ശേഖരമെന്ന് അവകാശപ്പെടുത്തുന്നിടത്ത് ഉണ്ടായിരുന്നു എന്നാണ് ഇയാള്‍ വിശ്വസിപ്പിച്ചിരുന്നത്.

നിരവധി തിരുശേഷിപ്പുകൾ

അല്‍ഫോണ്‍സാമ്മയുടെ വസ്ത്രത്തിന്റെ ഭാഗം, അന്തോണിസ് പുണ്യാളന്റെ നഖത്തിന്റെ ഭാഗം, മദര്‍ തെരേസയുടെ മുടി, റാണി മരിയ സിസ്റ്ററിന്റെ തിരുശേഷിപ്പ്, ഗാഗുല്‍ത്തയില്‍ നിന്നെടുത്ത മണ്ണില്‍ ഉണ്ടാക്കിയ കുരിശിനുള്ളില്‍ നിര്‍മിച്ച ഏറ്റവും ചെറിയ ബൈബിള്‍, സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ബൈബിള്‍ തുടങ്ങിയ നിരവധി പുരാവസ്തുക്കള്‍ തന്റെ ശേഖരത്തില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചിരുന്നു. മാത്രമല്ല അത് ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 

Monson mavunkal
ഗ്രന്ഥങ്ങൾ |Photo: Screengrab

ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം മത ഗ്രന്ഥങ്ങളുടെ ഒരു ശേഖരം തന്നെ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. അതിപുരാതനവും വര്‍ശങ്ങളേറെ പഴക്കവുമുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണ് ഇതെന്ന് ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. അറുനൂറിലേറെ ഖുറാന്‍ പതിപ്പുകള്‍, ഇരുന്നൂറിലേറെ ബൈബിളുകള്‍, എണ്ണമറ്റ ഹൈന്ദവ മതഗ്രന്ഥങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ഇവയെല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരുന്നു എന്നായിരുന്നു ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. 

ഇനിയുമുണ്ട് പുരാവസ്തുക്കളെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചവ...

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇരുമ്പു സീൽ, ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന വാളും കൈക്കത്തിയും, നൈസാം അടക്കമുള്ള വിവിധ രാജാക്കന്മാരുടെ വാഴുകൾ, ഛത്രപതി ശിവജിയുടെ ഭഗവത്ഗീത, ഔറംഗസീബിന്റെ മുദ്ര മോതിരം, കേരള സംസ്കാര ചിഹ്നങ്ങൾ, ഇന്ത്യയിൽ ആദ്യമായി ഉപോയോഗിച്ച ഗ്രാമമോണുകൾ, ഇന്ത്യയിലെ ആദ്യ ഫാൻ, വിവിധ തരം വാച്ചുകൾ എന്തിനേറെ, ലിയാനാർഡോ ഡാവിഞ്ചിയുടേയും രാജാ രവിവർമ്മയുടേയും ജീവൻ തുടക്കുന്ന ചിത്രങ്ങൾ വരെ പുരാവസ്തു ശേഖരത്തില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ഇയാളുടെ അവകാശവാദം.

സിനിമാ താരങ്ങളുടെ പണമിടപാടുകാരൻ

സിനിമാതാരങ്ങളുടെ പണമിടപാടുമായി ബന്ധപ്പെട്ടുള്ള ഇടനിലക്കാരൻ എന്ന രീതിയിൽ മോൻസണ്‍ മാവുങ്കൽ പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം. ഇദ്ദേഹത്തിന് മയക്കു മരുന്നുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

പുരാവസ്തുക്കളുടെ പഴമ നിർണ്ണയിക്കുന്നത് ഇയാള്‍​ തന്നെ

ഇയാളുടെ പക്കലുണ്ടായിരുന്നതും പുറത്ത് നിന്ന് വാങ്ങിക്കുന്നതുമായ പുരാവസ്തുക്കളുടെ പഴമ നിശ്ചയിക്കുന്നതും മോന്‍സണ്‍ തന്നെയായിരുന്നു. എത്ര വര്‍ഷം പഴക്കമുണ്ടെന്നും മറ്റും ഇയാള്‍ തന്നെ നിര്‍ണ്ണയം നടത്തി മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു പതിവ്.

Monson Mavunkal
മോന്‍സന്‍ മാവുങ്കൽ | Photo: https://www.facebook.com/DrMonsonMavunkal/

പത്താം ക്ലാസ് പാസാകാതെ ഡോക്ടറേറ്റ്

ഡോ. മോന്‍സണ്‍ മാവുങ്കല്‍ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഡോക്ടറേറ്റുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പത്താം ക്ലാസ് പോലും ഇയാള്‍ പാസായിട്ടില്ലെന്നാണ് വിവരം. നൂറോളം രാജ്യങ്ങളില്‍ സഞ്ചരിച്ചായിരുന്നു ഇത്തരത്തിലുള്ള ശേഖരങ്ങള്‍ കണ്ടെത്തിയത് എന്നാണ് മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

Content Highlights: monson mavunkal arrested for looting money in kochi