ബെംഗളൂരു: ഹാസനിലെ ബേലൂരില്‍ കുരങ്ങുകളെ കൂട്ടത്തോടെ വിഷംകൊടുത്ത് കൊന്ന് ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളി. ബേലൂര്‍ താലൂക്കിലെ ചൗഡനഹള്ളി ഗ്രാമത്തിലാണ് 38 കുരങ്ങുകളെ ക്രൂരമായി കൊന്നത്. വിഷം നല്‍കിയതിനുശേഷം അവശനിലയിലായ കുരങ്ങുകളെ ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ചെന്നാണ് പ്രാഥമികനിഗമനം. ചാക്കില്‍ കെട്ടിയശേഷം വടിയുപയോഗിച്ച് മര്‍ദിച്ചതായും സൂചനയുണ്ട്. ബേലൂരില്‍ കുരങ്ങുശല്യമില്ലാത്തതിനാല്‍ പുറത്തുനിന്ന് ആരെങ്കിലും ഇവയെ പ്രദേശത്ത്കൊണ്ടിട്ടതാകാമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.

ബുധനാഴ്ച രാത്രി 10.30 -ഓടെയാണ് കുരങ്ങുകളുടെ ജഡം ശ്രദ്ധയില്‍പ്പെട്ടത്. ചാക്കുകള്‍ക്ക് സമീപം അവശനിലയിലായ കുരങ്ങ് ഇരിക്കുന്നത് കണ്ട് സംശയംതോന്നിയ പഞ്ചായത്ത് അംഗമാണ് ചാക്കുകള്‍ അഴിച്ചുനോക്കിയത്. ജഡം കണ്ടെത്തിയതോടെ അഖില കര്‍ണാടക പ്രാണി ദയ സംഘയെന്ന മൃഗക്ഷേമ സംഘടനയെയും പ്രദേശവാസികളെയും ഇയാള്‍ വിവരമറിയിക്കുകയായിരുന്നു. സംഘടന അറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ചാക്കുകള്‍ തുറന്നസമയത്ത് 15-ലധികം കുരങ്ങുകള്‍ രക്ഷപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ചത്ത കുരങ്ങുകളില്‍ കുഞ്ഞുങ്ങള്‍ വരെയുണ്ട്. പ്രദേശവാസികള്‍ ചേര്‍ന്നാണ് കുരങ്ങുകളെ കുഴിച്ചിട്ടത്. ചത്ത കുരുങ്ങുകള്‍ക്ക് ആദരമര്‍പ്പിച്ച് ഗ്രാമവാസികള്‍ പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു.

വിഷം നല്‍കിയതിനൊപ്പം ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നും ഇതാണ് കുരങ്ങുകള്‍ ചാകാന്‍ കാരണമെന്നും ഹാസന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബസവരാജ് പറഞ്ഞു. സംഭവത്തില്‍ പോലീസുമായി സഹകരിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്ന് അഖില കര്‍ണാടക പ്രാണി ദയ സംഘ സെക്രട്ടറി സുനില്‍ ദുഗരെ അറിയിച്ചു.