മെല്‍ബണ്‍:  ഇന്ത്യന്‍-ഫിജിയന്‍ വംശജ മോണിക്ക ചെട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാര്‍. അന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏകദേശം രണ്ടര കോടിയിലേറെ രൂപ) സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക. പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ കേസന്വേഷണത്തിന് സഹായകരമാകുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 

2014 ജനുവരിയിലാണ് മോണിക്ക ചെട്ടി(39)യെ വെസ്റ്റ് ഹോക്‌സ്ടണിലെ തരിശുഭൂമിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആസിഡ് വീണ് ഏകദേശം 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 31-ന് ചികിത്സയിലിരിക്കെ മരിച്ചു. എന്നാല്‍ മോണിക്ക ചെട്ടിക്ക് എന്താണ് സംഭവിച്ചതെന്നോ ആസിഡ് ആക്രമണത്തിന് പിന്നിലാരാണെന്നോ ഇന്നേവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. 

മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും മാരകമായി പൊള്ളലേറ്റനിലയിലാണ് മോണിക്ക ചെട്ടിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയെ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആസിഡ് ആക്രമണം നടന്നിട്ടുണ്ടെന്നായിരുന്നു പോലീസിന്റെ നിഗമനം. ഡിറ്റക്ടീവുകള്‍ മോണിക്ക ചെട്ടിയില്‍നിന്ന് മൊഴിയെടുത്തെങ്കിലും അവര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസനീയമല്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ലിവര്‍പൂളിലെ ബിഗ്ഗെ പാര്‍ക്കില്‍വെച്ച് സിഗരറ്റ് നല്‍കാത്തതിന് ഒരാള്‍ ആസിഡ് ഒഴിച്ചെന്നായിരുന്നു മോണിക്കയുടെ മൊഴി. എന്നാല്‍ സംഭവസ്ഥലത്ത് ഫൊറന്‍സിക് പരിശോധന നടത്തിയതോടെ ഇത് തെറ്റാണെന്ന് തെളിഞ്ഞു. അക്രമിയെ മോണിക്കയ്ക്ക് അറിയാമെന്നും മനഃപൂര്‍വ്വം അവര്‍ പ്രതിയുടെ വിവരങ്ങള്‍ മറച്ചുവെച്ചെന്നുമാണ് പോലീസ് ഇപ്പോഴും കരുതുന്നത്. ജനുവരി 31-ന് മോണിക്ക മരിച്ചതോടെ കേസിന്റെ അന്വേഷണം പൂര്‍ണമായും വഴിമുട്ടി. 

ആറ് വര്‍ഷമായിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഇല്ലാതായതോടെയാണ് പോലീസും സര്‍ക്കാരും വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മന്ത്രി ഡേവിഡ് ഏലിയട്ട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ കുറ്റകൃത്യം എങ്ങനെ നടന്നുവെന്ന് എല്ലാവര്‍ക്കും അറിയേണ്ടതുണ്ടെന്നും ആറ് വര്‍ഷമായി മോണിക്കയുടെ മരണം ദുരൂഹമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: monika chetty mysterious death nsw government announced reward