ആലപ്പുഴ: ജില്ലയില്‍നടന്ന മണി ചെയിന്‍ തട്ടിപ്പില്‍ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. സൗത്ത് പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെയായി നാലുപേര്‍ പിടിയിലായി.

മുനിസിപ്പല്‍സ്റ്റേഡിയം വാര്‍ഡില്‍ അത്തിപ്പറമ്പില്‍വീട്ടില്‍ മുഹമ്മദ് സുഹൈല്‍, സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ സജിതാ മന്‍സിലില്‍ മുനവിര്‍, കോട്ടയം വെള്ളൂര്‍ കളരിക്കല്‍വീട്ടില്‍ ജിബു, ലജനത്ത് വാര്‍ഡില്‍ വട്ടപ്പള്ളി പട്ടേരി പറമ്പില്‍ വീട്ടില്‍ ആരിഫുദീന്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ആസ്ഥാനമായുളള മൈക്‌ളബ്ബ് ട്രേഡിങ് എന്നസ്ഥാപനം മള്‍ട്ടി നാഷണല്‍ കമ്പനിയാണെന്നും ഇതില്‍ നിക്ഷേപം നടത്തിയാല്‍ അധിക ലാഭവിഹിതം നല്‍കാമെന്നുപറഞ്ഞ് മണിചെയിന്‍ മാതൃകയില്‍ പണം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.

പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ബാങ്കോക്ക് ആസ്ഥാനമായി നിക്ഷേപകരില്‍നിന്നു സ്വീകരിക്കുന്ന തുക ഉപയോഗിച്ച് കമ്മോഡിറ്റി ട്രേഡിങ്, ഫോറക്‌സ് ട്രേഡിങ്, ഓഹരി എന്നിവയില്‍ നിക്ഷേപിച്ച് 20 ശതമാനം റിട്ടേണ്‍ ഒരുവര്‍ഷത്തേക്ക് നല്‍കാമെന്നാണു നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. ഇടപാടുകാരെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചശേഷം യൂസര്‍ ഐഡിയും പാസ്വേഡും നല്‍കിയിരുന്നു. ഇതുപയോഗിച്ച് ലോഗിന്‍ ചെയ്യുന്നവര്‍ക്ക് വെബ്‌സൈറ്റില്‍ റിട്ടേണുകള്‍ വന്നിട്ടുണ്ടെന്നു ഡോളറില്‍ കാണിക്കുമായിരുന്നു. ഇതുവിശ്വസിപ്പിച്ചാണ് തട്ടിപ്പുനടത്തിയത്.

സമാനസംഭവത്തിനു കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ growlinetrading.com  എന്ന് വെബ്‌സൈറ്റ് പുനര്‍ നാമകരണം ചെയ്തു തട്ടിപ്പു നടത്തിയിരുന്നെന്നും പോലീസ് പറഞ്ഞു.