തിരൂർ: തിരൂർ പയ്യനങ്ങാടി സ്വദേശിയായ പ്രവാസിമലയാളിയുടെ വീട്ടിലെത്തി 80 ലക്ഷം രൂപ തട്ടിപ്പറിച്ച് രക്ഷപ്പെട്ട നോട്ടിരട്ടിപ്പു സംഘത്തിലെ ഒരാൾ അറസ്റ്റിലായി.

കണ്ണൂർ പരിയാരം കോരൻപീടിക സ്വദേശി നബീസ മൻസിലിൽ മുഹമ്മദ്റിവാജ് (33) ആണ് അറസ്റ്റിലായത്. തളിപ്പറമ്പിലെ സ്കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ, തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെ തിരൂർ പോലീസാണ് പിടികൂടിയത്.

കഴിഞ്ഞ 25-ന് തിരൂർ പയ്യനങ്ങാടി സ്വദേശി ചിറക്കൽ കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽനിന്നാണ് നാലംഗ സംഘം പണം തട്ടിയത്. നാട്ടിൽ ഒരുകോടി രൂപ കൊടുത്താൽ യു.എ.ഇയിൽ രണ്ടുകോടി രൂപ അക്കൗണ്ടിലിടാമെന്ന് പറഞ്ഞാണ് സംഘം വീട്ടിലെത്തിയത്. വീട്ടിൽവെച്ച് ഒരു കോടി കാണിച്ചാലുടനെ ഗൾഫിലുള്ള മകന്റെ അക്കൗണ്ടിൽ രണ്ടുകോടി രൂപ നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം.

ഒരുകോടി രൂപ കാണിച്ചയുടനെ സംഘം പണം തട്ടിപ്പറിച്ചു. 20 ലക്ഷം രൂപ നിലത്തുവീണു. 80 ലക്ഷം രൂപയുമായി പ്രതികൾ കാറിൽ രക്ഷപ്പെടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

പ്രതികളുമായി ഫോണിൽ സംസാരിച്ചതല്ലാതെ വേറെ വിവരങ്ങൾ വീട്ടുകാർക്ക് അറിയില്ലായിരുന്നു. എന്നാൽ കാറിന്റെ നമ്പർ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതുസഹിതം തിരൂർ പോലീസിൽ പരാതി നൽകി. തളിപ്പറമ്പിലെ റെന്റ് എ കാർ ഉടമയുടെ കാറാണെന്നും ഇത് മുഹമ്മദ്റിവാജ് വാടകക്കെടുത്തതാണെന്നും തിരിച്ചറിഞ്ഞു. പ്രതി തളിപ്പറമ്പിലെ ഭാര്യവീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് വേഷംമാറി അവിടെയെത്തി. ക്രിക്കറ്റ് മൈതാനത്തുവെച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

കാസർകോടു സ്വദേശികളായ ഏഴു പ്രതികളെകൂടി പിടികൂടാനുണ്ട്. റിവാജുൾപ്പെടെ നാലുപ്രതികൾ വീട്ടിലെത്തി പണം തട്ടിപ്പറിക്കുകയും നാലുപേർ തിരൂർ പയ്യനങ്ങാടിയിൽ കാത്തു നിൽക്കുകയുമാണ് ചെയ്തത്.

റിവാജിന്റെ പേരിൽ പരിയാരം മെഡിക്കൽ കോളേജ് പോലീസ്സ്റ്റേഷനിൽ രാഷ്ട്രീയ അടിപിടി, പോലീസിനെ ആക്രമിക്കൽ, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ 17 കേസ്സുകളുണ്ടെന്ന് പോലീസ് പറഞ്ഞു. തിരൂർ സി.ഐ. ടി.പി. ഫർഷാദ്, എസ്.ഐ. പ്രമോദ്, എ.എസ്.ഐ. സി. ഷിബു, പോലീസുകാരനായ കെ. അഭിമന്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് റിമാൻഡുചെയ്തു.

പിടിയിലായത് പരിയാരത്തെ പിടികിട്ടാപ്പുള്ളി

തളിപ്പറമ്പ്: തിരൂരിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത് പരിയാരത്തെ നോട്ട് തട്ടിപ്പ് കേസിലെ മുഖ്യകണ്ണി. കോരൻപീടിക സ്വദേശി മുഹമ്മദ് റിവാജാണ് തിരൂർ പോലീസിന്റെ പിടിയിലായത്. ജൂലായ് ആദ്യം മഹാരാഷ്ട്രയിൽനിന്നുള്ള വ്യാജനോട്ട് സംഘത്തെ ബന്ദികളാക്കി പണം തട്ടിയത് റിവാജിന്റെ നേതൃത്വത്തിലാണ്. ഇയാളെ കസ്റ്റഡിയിൽ കിട്ടാൻ കോടതിയെ സമീപിക്കുമെന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ.രത്നകുമാർ പറഞ്ഞു.

നിരോധിച്ച 500, 1000 രൂപ നോട്ടുകൾ നൽകിയാൽ ഒരുകോടിക്ക് 70 ലക്ഷത്തിന്റെ പുതിയ കറൻസി നൽകുമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിക്കുന്ന മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സംഘത്തിലെ കണ്ണിയാണ് റിവാജ്. ഒരുകോടിയുടെ കറൻസി മാറ്റാൻ പ്രാഥമിക ചെലവുകൾക്കായി 15 ലക്ഷം മുൻകൂർ വാങ്ങിയാണ് മഹാരാഷ്ട്ര സംഘത്തിന്റെ തട്ടിപ്പ്. ഈ സംഘത്തിലെ മഹാരാഷ്ട്രക്കാരായ അഞ്ചംഗസംഘത്തെ ഇരിങ്ങലിലെ ഒരുവീട്ടിൽ തടവിലാക്കിയിരുന്നു. പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്. സംഭവത്തിൽ ഭീമനടി സ്വദേശി പി.കെ.അമീറിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യകണ്ണിയും നിരവധി കേസുകളിൽ പ്രതിയുമായ റിവാജിനെ പിടികിട്ടിയിരുന്നില്ല.

Content Highlights:money snatched from nri malayali accused arrested in kannur