വയനാട്: അരക്കോടിയോളം രൂപയുടെ നിരോധിച്ച നോട്ട് കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ മൂന്നംഗസംഘത്തെ ബത്തേരി പോലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ, പട്രോളിങ്ങിനിടെ നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്. അസാധുവായ നോട്ടുകള്‍ മാറ്റിയെടുത്ത് പുതിയ നോട്ടുകള്‍ വാങ്ങുന്നതിനു വേണ്ടിയാണ് ഇവര്‍ ബത്തേരിയിലെത്തിയത്. Crime

കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ പൂളക്കാമണ്ണില്‍ പി.എന്‍. മുഹമ്മദ് (31), അച്ചന്‍കണ്ടിയില്‍ എ.കെ. ജംഷീര്‍ (30), മാനന്തവാടി സ്വദേശിയായ മഠത്തില്‍ വീട്ടില്‍ എം. റസാഖ് (41) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിക്കുള്ളില്‍ കവറിനുള്ളിലൊളിപ്പിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. 44.48 ലക്ഷത്തോളം രൂപയാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. 

പിടിയിലായവരെല്ലാം നോട്ട് കൈമാറ്റക്കച്ചവടത്തിലെ ഇടനിലക്കാരാണെന്ന് പോലീസ് പറഞ്ഞു. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി താമരശ്ശേരിയില്‍നിന്നാണ് പ്രതികള്‍ ബത്തേരിയിലേക്കെത്തിയത്. 50 ലക്ഷത്തിന്റെ അസാധുവായ നോട്ട് നല്‍കിയാല്‍ പുതിയ 10 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ബത്തേരിയിലെ ഏജന്റ് ഹാരീസ് ഇവരെ അറിയിച്ചിരുന്നത്. ഇതുപ്രകാരം, രണ്ട് കോടിയുടെ ഇടപാട് നടത്തുന്നതിന്റെ ആദ്യഘട്ടമായാണ് ഇവര്‍ അരക്കോടിയോളം രൂപയുമായെത്തിയത്. കാസര്‍കോട്ടുനിന്നാണ് അസാധുവായ നോട്ടുകള്‍ എത്തിച്ചത്. ഏജന്റുമാരാണ് കാസര്‍കോട്ടുനിന്നും ഇപ്പോള്‍ പോലീസിന്റെ പിടിയിലായ പ്രതികള്‍ക്ക് താമരശ്ശേരിയില്‍ നോട്ട് എത്തിച്ചുനല്‍കിയത്. ബത്തേരിയിലെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഹാരീസിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ പിടിയിലായ പ്രതികള്‍ക്ക് ഇയാളെ നേരിട്ടുകണ്ട് പരിചയമില്ല.

എസ്.ഐ. എന്‍. അജീഷ് കുമാര്‍, അഡീഷണല്‍ എസ്.ഐ. എ.കെ. ജോണി, എസ്.സി.പി.ഒ.മാരായ പ്രമോദ്, മാത്യു, സി.പി.ഒ. പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പിടിയിലായവരെ ചോദ്യംചെയ്തശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ദി സ്പെസിഫൈഡ് ബാങ്ക് നോട്ട് (സസ്റ്റേഷന്‍ ദി ലയബലിറ്റീസ്) ആക്ട് 2017 പ്രകാരമാണ് പ്രതികള്‍ക്കെതിരേ പോലീസ് കേസ് രജസ്റ്റിര്‍ ചെയ്തിട്ടുള്ളത്. പതിനായിരം രൂപയോ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോ പിഴ ചുമത്താവുന്ന കുറ്റമാണിത്.

ഡിസംബറില്‍ ഇതു രണ്ടാംതവണയാണ് ജില്ലയില്‍ നിരോധിച്ച നോട്ട് പിടികൂടുന്നത്. പത്താം തീയതി പുല്പള്ളിയില്‍നിന്നും ഒരു കോടിരൂപയുടെ അസാധുവായ നോട്ടുമായി അഞ്ചംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.