കണ്ണൂർ: ദൂരെയിരുന്ന് മറ്റൊരാളുടെ മൊബൈലോ കംപ്യൂട്ടറോ ഓപ്പറേറ്റ് ചെയ്യാവുന്ന 'ടീം വ്യൂവർ' ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് അക്കൗണ്ടിൽനിന്ന് പണം കവർന്നതായി കേസ്. കണ്ണൂർ താവക്കര സ്വദേശിയായ വയോധികയുടെ അക്കൗണ്ടിൽനിന്നാണ് അജ്ഞാതർ ഒന്നരലക്ഷം രൂപ കവർന്നത്.

കണ്ണൂർ സിറ്റി സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് ശാഖകളിലെ പണമാണ് പിൻവലിക്കപ്പെട്ടത്. ബംഗാളിലെ അക്കൗണ്ട് ഉപയോഗിച്ചാണ് പണം തട്ടിയതെന്ന് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ വ്യക്തമായി.

രണ്ടാഴ്ചമുമ്പാണ് സംഭവം. സിംകാർഡിന്റെ കാലാവധി തീരാറായെന്നും ഉടൻ പുതുക്കാൻ കസ്റ്റമർ കെയറിൽ ബന്ധപ്പെടണമെന്നും നിർദേശിച്ച് വയോധികയുടെ മൊബൈലിലേക്ക് സന്ദേശം വന്നിരുന്നു. കസ്റ്റമർ കെയർ സെന്ററിന്റെ നമ്പറുമുണ്ടായിരുന്നു. മറ്റൊരു ഫോണിൽനിന്ന് വയോധിക ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ ഹിന്ദിയിലായിരുന്നു സംഭാഷണം.

ഫോൺ കട്ടുചെയ്തപ്പോൾ ആദ്യം സന്ദേശമയച്ച നമ്പറിലേക്ക് കോൾവന്നു. എടുത്തപ്പോൾ സിംകാർഡ് വീണ്ടും റീചാർജ് ചെയ്യാൻ ടീം വ്യുവർ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് നിർദേശിച്ചു. അത് തനിക്കറിയില്ലെന്ന് പറഞ്ഞപ്പോൾ പ്ലേ സ്റ്റോറിൽ പോയി ഡൗൺലോഡ് ചെയ്യുന്ന രീതി പറഞ്ഞുകൊടുത്തു.

വയോധിക അതുപ്രകാരം ചെയ്തപ്പോൾ ഒരുനമ്പർ വന്നു. ആ നമ്പർ പറഞ്ഞുകൊടുക്കാൻ നിർദേശിച്ചു. അതുകൊടുത്തതോടെ വയോധികയുടെ മൊബൈൽ ദൂരെയിരുന്ന് തട്ടിപ്പുകാർക്ക് ഓപ്പറേറ്റ് ചെയ്യാനും ഈ ഫോണിലെ വിവരങ്ങൾ മുഴുവനും മനസ്സിലാക്കാനും കഴിഞ്ഞു. ആദ്യം സ്റ്റേറ്റ്ബാങ്ക് അക്കൗണ്ടിൽനിന്നാണ് പണം പിൻവലിച്ചത്. പണം ബാങ്കിൽനിന്ന് പിൻവലിക്കുന്നതിന്റെ സന്ദേശം യഥാസമയം വയോധികയുടെ ഫോണിലേക്ക് വരുന്നുണ്ടായിരുന്നു. പക്ഷേ തട്ടിപ്പുകാർ ഈ സമയമത്രയും സംസാരിച്ചിരുന്നതുകൊണ്ട് സന്ദേശം വരുന്നതിന്റെ ശബ്ദംകേട്ടതല്ലാതെ വായിച്ചുനോക്കാൻ കഴിഞ്ഞില്ല.

ഒരുഘട്ടമെത്തിയപ്പോൾ ബാങ്ക് അക്കൗണ്ടിന് എന്തോ പ്രശ്നമുണ്ടെന്നും വേറെ അക്കൗണ്ടുണ്ടോയെന്നും ആരാഞ്ഞു. യൂണിയൻ ബാങ്കിലും ഉണ്ടെന്ന് പറഞ്ഞപ്പോൾ പിന്നെ അതിൽനിന്നായി പണമെടുക്കൽ. വയോധികയുടെ മകൻ ഈ സമയം വീട്ടിലുണ്ടായിരുന്നു. അമ്മ കൂടുതൽ സമയം ഹിന്ദിയിൽ സംസാരിക്കുന്നതുകേട്ട് ഫോൺ നോക്കിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. അക്കൗണ്ടിൽ ശേഷിച്ചിരുന്ന 4000 രൂപ ഉടൻ പോയി എടുത്തു. ബാങ്കുകളിലും വിവരമറിയിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

സാധാരണ വൺ ടൈം പാസ്വേഡ് (ഒ.ടി.പി.) മനസ്സിലാക്കിയാണ് ഓൺലൈൻ തട്ടിപ്പ് നടത്തിയിരുന്നത്. വ്യാപകമായി ബോധവത്‌കരണം നടന്നതിനാൽ ഒ.ടി.പി. നമ്പർ മനസ്സിലാക്കുന്നത് പ്രയാസമായതിനാൽ തട്ടിപ്പുകാർ കണ്ടെത്തിയ മറ്റൊരു മാർഗമാണ് ടീം വ്യൂവർ ആപ്പ് ഡൗൺലോഡ് ചെയ്യിക്കലെന്ന് അന്വേഷണസംഘം പറയുന്നു.

ഫോൺ, കംപ്യൂട്ടറിലെ മുഴുവൻ വിവരങ്ങളും ചോരാൻ ഇടയാക്കുന്നതാണിത്. നേരിട്ട് പണം പിൻവലിക്കുന്നതിന് പരിധിയുള്ളതിനാൽ ഓൺലൈൻ ഇടപാടിനുപയോഗിക്കുന്ന മോബിക്വിക്ക് എന്ന ആപ്പിലൂടെ സാധനങ്ങൾ വാങ്ങുകയാണ് തട്ടിപ്പുകാരൻ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബാങ്കുമായി ബന്ധിപ്പിച്ചാണ് ഇത്തരം ആപ്പുകൾ പ്രവർത്തിക്കുന്നത്. യഥാർഥ അക്കൗണ്ട് ഉടമയല്ല ഇടപാട് നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.