മൂന്നാര്‍: പെണ്‍കുട്ടികളെ മുറികളില്‍ എത്തിച്ചുനല്‍കാമെന്ന പേരില്‍ നടക്കുന്ന പണം തട്ടിപ്പ് അന്വേഷിക്കാന്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു. മൂന്നാര്‍ എസ്.എച്ച്.ഒ. മനേഷ് കെ.പാലോസിനാണ് അന്വേഷണച്ചുമതല.

ലൊക്കാന്റോ എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴി പെണ്‍കുട്ടികളെ എത്തിച്ചുനല്‍കാമെന്ന് പരസ്യം നല്‍കി യുവാക്കളില്‍നിന്ന് വ്യാപകമായി പണം തട്ടിയെടുക്കുന്നതുസംബന്ധിച്ച് 'മാതൃഭൂമി' ഞായറാഴ്ച വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്.

വിവിധ പ്രായത്തിലുള്ള പെണ്‍കുട്ടികളുടേതെന്ന തരത്തില്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെട്ടവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. മൂന്നാറിലെ വിവിധ ഹോട്ടലുകളില്‍ പെണ്‍കുട്ടികളെ എത്തിച്ചുനല്‍കാമെന്നാണ് തട്ടിപ്പുസംഘം ഉറപ്പുനല്‍കുന്നത്.

ഒരുമണിക്കൂറിന് മൂവായിരവും രാത്രിക്ക് 8000 മുതല്‍ 10,000 രൂപയുമാണ് തട്ടിപ്പുസംഘം ഈടാക്കുന്നത്. ഫോണ്‍വഴി കരാര്‍ ഉറപ്പിച്ചാല്‍ സംഘംനല്‍കുന്ന ഫോണ്‍നമ്പരിലേക്ക് ഗൂഗിള്‍, ഫോണ്‍വഴി പണം മുന്‍കൂറായി അടയ്ക്കണം. വിനോദസഞ്ചാരത്തിനെത്തുന്നവര്‍ രാത്രിയില്‍ പെണ്‍കുട്ടികളെത്തുന്നതുകാത്ത് വിവിധ ഹോട്ടലുകളുടെ മുന്‍പില്‍ മണിക്കൂറുകള്‍ കാത്തുനിന്ന സംഭവങ്ങളുണ്ട്. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കും.

തട്ടിപ്പ് മനസ്സിലാകുന്നതോടെ, നാണക്കേടോര്‍ത്ത് പരാതി നല്‍കാതെ യുവാക്കള്‍ മടങ്ങും. പതിവായി ഹോട്ടലുകളുടെ മുന്‍പില്‍ യുവാക്കള്‍ കാത്തുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ തിരക്കിയപ്പോഴാണ് തട്ടിപ്പുസംബന്ധിച്ച വിവരം ലഭിച്ചത്.