കൊരട്ടി: ഒട്ടേറെ തട്ടിപ്പുകേസുകളിലെ പ്രതി 13 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് നടക്കല്‍ വീട്ടില്‍ ഷാജി ജോര്‍ജി(ധര്‍മേന്ദ്ര ഷാജി-48)നെയാണ് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണ്‍ അറസ്റ്റ് ചെയ്തത്. 2008-ല്‍ ഒട്ടേറെപ്പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ വനിതാ സ്വയംസഹായസംഘങ്ങളിലെ ഭാരവാഹികളെ കണ്ടെത്തി താന്‍ 'ന്യൂ ടേണ്‍ ഓര്‍ഗാനിക് റിസര്‍ച്ച് ആന്‍ഡ് പ്രോഡക്ട് ഡയറക്ടര്‍' ആണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വനിതാസംഘങ്ങള്‍ക്ക് ക്യാരി ബാഗ് നിര്‍മാണത്തിനായി ആധുനികയന്ത്രങ്ങള്‍ ഇറക്കിനല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി പണം തട്ടിയിരുന്നത്. ജില്ലയിലെ പലഭാഗങ്ങളിലും ഇത്തരം തട്ടിപ്പുകള്‍ നടന്നതായി പരാതി ഉയര്‍ന്നിരുന്നു.

നോര്‍ത്ത് ചാലക്കുടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് വഴിയാണ് തട്ടിപ്പ് നടന്നിരുന്നത്. തട്ടിപ്പിനിരയായവരുടെ പരാതിയെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തളിപ്പറമ്പ്, കൊരട്ടി, ചാലക്കുടി, എറണാകുളം, ആലുവ തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ക്ക് ഓഫീസുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ആലുവയ്ക്ക് സമീപം കടുങ്ങല്ലൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.