ചവറ : ചവറ സ്വദേശിയായ പ്രവാസിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പുണിത്തറ കണ്ണന്‍കുളങ്ങര ഒ.ഇ.എന്‍.റോഡ് നന്ദനത്തില്‍ രഞ്ജിത് വര്‍മ(40)യാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പ്രിയ വര്‍മ (35) കേസില്‍ രണ്ടാംപ്രതിയാണ്. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച ഇവരെ ആശുപത്രിയിലാക്കി.

പോലീസ് പറയുന്നത്: ചവറ ബ്രിഡ്ജ് അനിലാഭവനത്തില്‍ ബാലചന്ദ്രന്റെ കൈയില്‍നിന്ന് വ്യാപാരം തുടങ്ങുന്നതിനായി ഇവര്‍ പലപ്പോഴായി രണ്ടുകോടി 65 ലക്ഷം രൂപ വാങ്ങി. ഇവര്‍ കൂട്ടായി നടത്തിയ വ്യാപാരത്തില്‍ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ദമ്പതിമാരായിരുന്നു.

ബിസിനസ് നഷ്ടമാണെന്ന് ഇവര്‍ ബാലചന്ദ്രനോട് പറഞ്ഞിരുന്നു. ബാലചന്ദ്രന്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ പറഞ്ഞത് തട്ടിപ്പാെണന്നു മനസ്സിലായതിനെത്തുടര്‍ന്ന് കോടതിയില്‍ കേസ് നല്‍കി.

ഹൈക്കോടതിയുടെ മധ്യസ്ഥചര്‍ച്ചയില്‍ 32 തവണയായി തുക തിരിച്ചുനല്‍കാമെന്ന് വ്യവസ്ഥയുണ്ടാക്കി. 30 ലക്ഷം രൂപ തിരികെ നല്‍കി. ഇതനുസരിച്ച് ദമ്പതിമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാല്‍, ഉടമ്പടിപ്രകാരമുള്ള ബാക്കി തുക നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.

ഹൈക്കോടതിയെ വഞ്ചിച്ചെന്നു കാണിച്ച് കോടതിയില്‍ ബാലചന്ദ്രന്‍ കേസ് നല്‍കി. തുടര്‍ന്ന് ഉന്നത പോലീസുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സി.ഐ. നിസാമുദീന്‍, എസ്.ഐ.മാരായ വി.അനില്‍കുമാര്‍, സുകേഷ്, ശശികുമാര്‍, എ.എസ്.ഐ. അജയകുമാര്‍, ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. രഞ്ജിത് വര്‍മ്മയെ ചവറ കോടതിയില്‍ ഹാജരാക്കി.

Content Highlights: money extorted from nri businessman in chavara kollam,accused arrested