തൃശ്ശൂര്‍: ഒളിവിലിരുന്ന് ഓണ്‍ലൈന്‍ വഴി ഭക്ഷണം വരുത്തിയ പിടികിട്ടാപ്പുള്ളിയെ കുടുക്കി പോലീസ്. നൂറുകോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പുകേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെയാണ് കോഴിക്കോട്ടുനിന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ കോനിപ്പറമ്പില്‍ ശശികുമാര്‍ (57) ആണ് അറസ്റ്റിലായത്.

ടിക്ക് ഇന്നോവേറ്റേഴ്സ് എന്ന കമ്പനിയുടെ പേരിലാണ് ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മണിചെയിന്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 2014-ല്‍ 44 കേസുകളിലാണ് തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രതിയുടെ ഫോണ്‍വിളികള്‍ പരിശോധിച്ചാണ് സ്ഥിരമായി വിളിച്ച നമ്പറുകളിലേയ്ക്ക് പോലീസ് അന്വേഷണം തിരിച്ചുവിട്ടത്. ആ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ഓണ്‍ലൈന്‍ വഴി ഭക്ഷണമെത്തിക്കുന്ന സ്ഥാപനത്തിന്റെ നമ്പറാണെന്ന് മനസ്സിലായത്. അങ്ങനെയാണ് ഭാര്യയും മകളുമായി കോഴിക്കോട് ഒളിച്ചുതാമസിച്ച വീട്ടിലേയ്ക്ക് ഈസ്റ്റ് സി.ഐ. പി. ലാല്‍കുമാര്‍, എ.എസ്.ഐ. സാജ് എന്നിവരെത്തി പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: money chain fraud case accused arrested