ന്യൂയോര്‍ക്ക്:  യുവാവ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അഞ്ചുവയസ്സുകാരനെ രക്ഷിച്ചത് അമ്മ. കാറില്‍കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മകനെ ഡോര്‍ വിന്‍ഡോയിലൂടെ വലിച്ചെടുത്താണ് അമ്മ രക്ഷപ്പെടുത്തിയത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ക്വീന്‍സിലായിരുന്നു സംഭവം. 

ഡോളറസ് ഡയസ് എന്ന യുവതിയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മകനെ അതിവേഗം രക്ഷപ്പെടുത്തിയതെന്ന് എന്‍.ബി.സി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് മക്കള്‍ക്കൊപ്പം തെരുവിലൂടെ നടന്നുപോവുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് അല്പം മുന്നിലായി നടന്നിരുന്ന അഞ്ച് വയസ്സുള്ള മകനെ ഒരാള്‍ പിടിച്ചുകൊണ്ടുപോയത്. കാറില്‍നിന്നിറങ്ങിയ യുവാവ് കുട്ടിയെ വാരിയെടുത്ത് കാറില്‍ കയറ്റുകയായിരുന്നു. ഇത് കണ്ടതോടെ അമ്മയും സഹോദരങ്ങളും പിറകെ ഓടുകയും കാറിന്റെ ഡോര്‍ വിന്‍ഡോയിലൂടെ കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു. 

കാറിന്റെ ഡോര്‍ തുറക്കാനാണ് താന്‍ ആദ്യം ശ്രമിച്ചെതെങ്കിലും അത് ലോക്ക് ചെയ്തിരുന്നതായി ഡോളറസ് എന്‍.ബി.സി. ന്യൂസിനോട് പറഞ്ഞു. ഇതിനുപിന്നാലെയാണ് തുറന്നിരുന്ന വിന്‍ഡോഗ്ലാസിലൂടെ മകനെ പുറത്തേക്ക് വലിച്ചെടുത്തത്. സംഭവത്തെതുടര്‍ന്ന് താന്‍ ഏറെ ഭയന്നുപോയെന്നും അവര്‍ പ്രതികരിച്ചു. 

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെയും രക്ഷപ്പെടുത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതോടെ അമ്മയുടെയും സഹോദരങ്ങളുടെയും ധീരമായ ഇടപെടലിനെ നിരവധിപേര്‍ അഭിനന്ദിക്കുകയും ചെയ്തു. 

അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെയിംസ് മക്‌ഗോണഗിള്‍(24) എന്നയാളെയാണ് പോലീസ് പിടികൂടിയത്. സംഭവസമയം ഇയാള്‍ക്കൊപ്പം കാറില്‍ മറ്റൊരാളും ഉണ്ടായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

 

Content Highlights: mom and kids thwarted kidnapping attempt