ലഖ്‌നൗ:  ലൈംഗികാതിക്രമത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഉത്തര്‍പ്രദേശിലെ മഹോബ കുല്‍പാഹര്‍ സ്വദേശിയായ 30 വയസ്സുകാരിയാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഝാന്‍സിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 

അയല്‍ക്കാരനായ യുവാവ് മര്‍ദിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ച് ശനിയാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മാതാപിതാക്കള്‍ യുവതിയെ ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. 

യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തില്‍ യുവതിക്ക് മാരകമായി പൊള്ളലേറ്റു. യുവാവിനെതിരേ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് യുവതി പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മാതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുല്‍പാഹര്‍ എസ്.എച്ച്.ഒ. മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. 

Content Highlights: molestation victim set ablaze by accused's parents in uttar pradesh