തൃപ്പൂണിത്തുറ: നഗരസഭയുടെ കീഴിൽ തൃപ്പൂണിത്തുറ തെക്കുംഭാഗം ഒ.ഇ.എൻ. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിനെ രോഗി അപമാനിക്കാൻ ശ്രമിച്ചതായി പരാതി.

സംഭവത്തിൽ കോതമംഗലം കോഴിപ്പള്ളി അമ്മുപ്പിള്ളി വീട്ടിൽ അഖിലി (26) നെതിരേ കേസെടുത്തതായി തൃപ്പൂണിത്തുറ പോലീസ് അറിയിച്ചു.

അബ്കാരി കേസിൽ പ്രതിയായി റിമാൻഡിലുള്ള ഇയാളെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽനിന്നാണ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നഴ്സിനെ അപമാനിക്കാൻ ശ്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് എസ്.ഐ. ടോൾസൺ ജോസഫ് അറിയിച്ചു.