കൊല്ലം: നഗരത്തിലെ സ്വകാര്യ വനിതാ കോളേജില്‍ അതിക്രമിച്ചുകടന്ന് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. കടപ്പാക്കട കൈരളി നഗര്‍-13-ല്‍ കിരണാ(20)ണ് പിടിയിലായത്.

വിദ്യാര്‍ഥിനി ഇയാളോടുള്ള സൗഹൃദം വീട്ടുകാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് വെള്ളിയാഴ്ച ബിരുദ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ കടന്നുപിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ തകര്‍ന്നുകിടക്കുന്ന മതിലിന്റെ ഭാഗത്തുകൂടി അടുത്ത കോളേജ് കാമ്പസിലേക്ക് കൊണ്ടുപോകാനും ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു.

സംഭവംകണ്ട വിദ്യാര്‍ഥിനികളും അധ്യാപകരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഇയാളില്‍നിന്നു രക്ഷപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കി. കടപ്പാക്കടയിലേക്കുള്ള വഴിമധ്യേ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍.രതീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.രജീഷ്, എസ്.സി.പി.ഒ. ജലജ, സി.പി.ഒ. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.