തിരൂർ: പാലൂർ മോഹനചന്ദ്രന്റേത് ഉൾപ്പെടെ ആറുകൊലപാതകക്കേസുകളിൽ പ്രചോദനകേന്ദ്രമായത് ഒരാൾ. ആർ.എസ്.എസ്. പ്രവർത്തകരായ തൊഴിയൂർ സുനിൽ, പാലൂർ മോഹനചന്ദ്രൻ, മതിലകം സന്തോഷ്, വാടാനപ്പള്ളി രാജീവ്, കൊല്ലങ്കോട് മണി, കാർത്തല താമി എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ഒരേയാൾ പ്രചോദനമായത്.
പ്രതികളുടെ ആത്മീയഗുരുവും ജംഇയ്യത്തുൽ ഇഹ്സാനിയ തീവ്രവാദ സംഘടനയുടെ അന്നത്തെ ജനറൽ സെക്രട്ടറിയുമായിരുന്ന പഴുന്നാന ഹുസൈൻ മുസ്‌ലിയാർ ആണ് പ്രതികൾക്ക് കൊല ചെയ്യാൻ പ്രചോദനം നൽകിയതെന്ന് തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു പറഞ്ഞു.
സുനിൽ വധക്കേസിലും മോഹനചന്ദ്രൻ വധക്കേസിലും പ്രതിയായ പള്ളം സ്വദേശി ഡ്രൈവർ സലീമാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. സലീമും ഇയാളുടെ ശിഷ്യനാണെന്ന് സമ്മതിച്ചിട്ടുണ്ട്. സുനിലിനെ കൊല്ലുന്നതിനുമുമ്പ് പ്രതികൾ ഹുസൈൻ മുസ്‌ലിയാരെ കണ്ടിരുന്നു. പ്രതികളെ പോലീസിനോ പട്ടാളത്തിനോ പിടിക്കാൻ കഴിയില്ലെന്നും പിടിച്ചാൽത്തന്നെ കേസ് വഴിമാറിപ്പോകുമെന്നും മുസ്‌ലിയാർ ഉറപ്പുനൽകി. മുസ്‌ലിയാർ വീട്ടുമുറ്റത്തുനിന്ന് വാരിനൽകിയ മണ്ണ് പോലീസിന്റെ മുഖത്തെറിഞ്ഞാൽ അവർക്ക് പിടിക്കാൻ കഴിയില്ലെന്നും പ്രതികളെ ധരിപ്പിച്ചതായും സലീം പോലീസിനോട് പറഞ്ഞു.
സലീമിനെ പോലീസ് പിടികൂടുമെന്ന വിവരം ലഭിച്ചതോടെ താനും കേസിൽ പ്രതിയാകുമെന്ന് മനസ്സിലാക്കിയാണ് ഹുസൈൻ മുസ്‌ലിയാർ സൗദി അറേബ്യയിലേക്ക് കടന്നത്. അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഓരോ കൊലപാതകത്തിന്റെയും ഗതി അവിചാരിതമായി മാറിയത് ഹുസൈൻ മുസ്‌ലിയാർക്ക് അനുയായികൾ വർധിപ്പിക്കാൻ ഇടയാക്കി.
സുനിൽവധത്തിൽ യഥാർഥ പ്രതികളല്ലാത്തവർ അറസ്റ്റിലായി. സന്തോഷ്, രാജീവ്, മോഹനചന്ദ്രൻ കൊലപാതകങ്ങൾ അപകടമരണങ്ങളായി ചിത്രീകരിക്കപ്പെടുകയുംചെയ്തു. ഇക്കാര്യങ്ങളെല്ലാം ജംഇയ്യത്തുൽ ഇഹ്സാനിയയുടെ അന്നത്തെ നേതാവായ സെയ്തലവി അൻവരിയും തന്റെ യോഗങ്ങളിൽ അണികളെ ബോധ്യപ്പെടുത്തിയതും അണികൾക്ക് ആവേശമുണ്ടാക്കി. ഇയാളും ഇപ്പോൾ വിദേശത്ത് ഒളിവിലാണ്. സന്തോഷ് വധക്കേസിൽ മുസ്‌ലിയാർ പ്രതിയായെങ്കിലും സാക്ഷി കൂറുമാറിയതിനാൽ കേസ് വെറുതെ വിട്ടു.
Content Highlights: mohachandran murder case, black magic tricks before the murder attempt