കൊച്ചി: മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി.ഐ. സി.എല്‍. സുധീറിന് സ്ഥലംമാറ്റം. സുധീര്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഇതിനുശേഷമേ സ്ഥലംമാറ്റം എങ്ങോട്ടാണെന്ന് തീരുമാനിക്കു. അതേസമയം, ഇത്രയും ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും സി.ഐ.യെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ വിവിധകോണുകളില്‍നിന്ന് അമര്‍ഷമുയരുന്നുണ്ട്.

സി.ഐ.ക്കെതിരേ ഗുരുതര ആരോപണമാണ് മൊഫിയയുടെ വീട്ടുകാരും ബന്ധുക്കളും ഉയര്‍ത്തിയിരുന്നത്. പരാതിക്കാരിയായ മൊഫിയയെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മുന്നില്‍വെച്ച് സി.ഐ. സുധീര്‍ പരിഹസിച്ചതായാണ് ആരോപണം. ഒരുമാസംമുമ്പാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മൊഴിയെടുപ്പിക്കുന്നതിനുവേണ്ടി യുവതിയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഒപ്പം ഭര്‍ത്താവിന്റെ വീട്ടുകാരെയും. സംസാരത്തിനിടെ 'താന്‍ തന്തയാണോടോയെന്ന്' മോഫിയയുടെ പിതാവിനോട് സി.ഐ. ചോദിച്ചു. മകള്‍ക്ക് 'മെന്റലാണോ'യെന്നു ചോദിച്ച് പരിഹസിച്ചതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

പോലീസ് സ്റ്റേഷനില്‍നിന്ന് തിരികെ വന്നപ്പോള്‍ നീതി കിട്ടുന്നില്ലല്ലോയെന്ന് മോഫിയ ആശങ്കപ്പെട്ടിരുന്നു. സി.ഐ.യുടെ സംസാരരീതിയിലും മൊഫിയ വിഷമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ദേശീയ വനിതാ കമ്മിഷനിലും സംസ്ഥാന വനിതാ കമ്മിഷനിലും പോലീസിലും ഭര്‍തൃപീഡനത്തിനെതിരേ മൊഫിയ പരാതി നല്‍കിയിരുന്നു.എന്നാല്‍, സ്റ്റേഷനില്‍വെച്ച് പെണ്‍കുട്ടി ഭര്‍ത്താവിനെ കരണത്തടിച്ചതിനെത്തുടര്‍ന്ന് താന്‍ പെണ്‍കുട്ടിയെ ശാസിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സി.ഐ. സി.എല്‍. സുധീറിന്റെ പ്രതികരണം. യുവതിയുടെ ഭാഗം പറഞ്ഞശേഷം ഭര്‍ത്താവ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്റെ മുന്നില്‍വെച്ചാണ് അവര്‍ ഭര്‍ത്താവിന്റെ കരണത്തടിച്ചതെന്നും സി.ഐ. പറഞ്ഞിരുന്നു. 

നേരത്തെ അഞ്ചല്‍ സി.ഐ.യായിരിക്കെയും സുധീറിനെതിരേ ഗുരുതര ആരോപണങ്ങളുയര്‍ന്നിരുന്നു. ഉത്ര വധക്കേസിലടക്കം ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയെന്നായിരുന്നു പരാതി. ഈ സംഭവത്തില്‍ റൂറല്‍ എസ്.പി. സി.ഐക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. തുടര്‍ന്ന് അഞ്ചലില്‍നിന്ന് പത്തനംതിട്ടയിലേക്കായിരുന്നു സുധീറിനെ സ്ഥലംമാറ്റിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സുധീര്‍ ആലുവയിലെത്തിയത്. 

അതിനിടെ, മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരുടെ അറസ്റ്റാണ് ബുധനാഴ്ച ഉച്ചയോടെ രേഖപ്പെടുത്തിയത്. ഇവരെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.  

Content Highlights: mofiya parveen suicide case ci sudheer transferred to police head quarters