തൊടുപുഴ: ബോള്‍ഡായ പെണ്‍കുട്ടി, കോളേജിലെ കലാതിലകം, മൊഫിയ പര്‍വീണിനെക്കുറിച്ച് സഹപാഠികള്‍ക്ക് പറയാന്‍ ഏറെയുണ്ട്. അങ്ങനെയൊരു പെണ്‍കുട്ടി ജീവനൊടുക്കണമെങ്കില്‍ അത്രയേറെ മനോവിഷമം അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് സഹപാഠികളും പറയുന്നത്. കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനില്‍നിന്ന് നേരിട്ട ദുരനുഭവം മൊഫിയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും സഹപാഠികള്‍ ആരോപിക്കുന്നു. 

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജിലെ ബി.കോം എല്‍.എല്‍.ബി. മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു മൊഫിയ പര്‍വീണ്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി കോളേജില്‍വന്നത്. ഇനി മൂന്ന് ദിവസം കോളേജില്‍ വരില്ലെന്നും മെഹന്തി വര്‍ക്ക് കിട്ടിയിട്ടുണ്ടെന്നും പറഞ്ഞാണ് ചൊവ്വാഴ്ച കോളേജില്‍നിന്ന് പോയത്. എന്നാല്‍ കഴിഞ്ഞ ദിവസം മൊഫിയ ജീവനൊടുക്കിയെന്ന വിവരം കേട്ട് സഹപാഠികള്‍ക്കും ദുഃഖം താങ്ങാനായില്ല. 

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് നേരിട്ട പീഡനങ്ങളെക്കുറിച്ച് മൊഫിയ വലിയ രീതിയില്‍ ഒന്നും തുറന്നുപറഞ്ഞിരുന്നില്ലെന്നാണ് സഹപാഠിയായ മുഹമ്മദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്. 'അവള്‍ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വളരെ ബോള്‍ഡായ കുട്ടിയായിരുന്നു. എന്തൊരു അനീതി കണ്ടാലും അതിനെതിരേ വിരല്‍ചൂണ്ടുന്ന പ്രകൃതമായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ പോയിട്ടും നീതി ലഭിക്കാതെ വന്നപ്പോഴാണ് അവള്‍ മനംനൊന്ത് ജീവനൊടുക്കിയത്'-മുഹമ്മദ് പറഞ്ഞു. 

കഴിഞ്ഞ ഏപ്രിലിലായിരുന്നു മൊഫിയ പര്‍വീണിന്റെ വിവാഹം. ലോക്ഡൗണ്‍ സമയമായതിനാല്‍ സഹപാഠികളില്‍ പലര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാനായിരുന്നില്ല. ലോക്ഡൗണ്‍ കഴിഞ്ഞ് കോളേജ് തുറന്നപ്പോള്‍ മൊഫിയയും ക്ലാസിലെത്തിയിരുന്നു. മൊഫിയയ്‌ക്കൊപ്പം ഭര്‍ത്താവ് സുഹൈലും ഇടയ്ക്ക് കോളേജില്‍ വരാറുണ്ടായിരുന്നു. മൊഫിയയെ കോളേജില്‍ കൊണ്ടുവിടാന്‍ വരുമ്പോള്‍ സുഹൈലിനെ സഹപാഠികള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ക്കൂടുതലൊന്നും സുഹൈലിനെക്കുറിച്ച് അറിയില്ലെന്നാണ് സഹപാഠിയായ മുഹമ്മദ് പറയുന്നത്. 

'ഞങ്ങള്‍ എട്ടുപേരായിരുന്നു സുഹൃത്തുക്കള്‍. മൊഫിയ കോളേജിലെ ഏത് കാര്യത്തിലും മുന്നിലുണ്ടായിരുന്ന കുട്ടിയാണ്. മെഹന്തി ആര്‍ട്ടിസ്റ്റായിരുന്നു. കോളേജിലെ കലാതിലകവും. കോളേജിലെ ആര്‍ട്‌സ് ഫെസ്റ്റില്‍ ഇംഗ്ലീഷ് പദ്യംചൊല്ലല്‍, പ്രസംഗം തുടങ്ങിയ മത്സരങ്ങളിലെല്ലാം മൊഫിയക്കായിരുന്നു സമ്മാനം. ഒരാഴ്ച മുമ്പ് അടുത്ത ഒരു കൂട്ടുകാരിയോട് ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ച് ചിലതൊക്കെ പറഞ്ഞിരുന്നു. എല്ലാപ്രശ്‌നങ്ങളും നിയമപരമായി പരിഹരിച്ച് ഡിവോഴ്‌സ് നേടിയ ശേഷം ഇക്കാര്യങ്ങളെല്ലാം ഞങ്ങളോട് പറയാമെന്നാകും വിചാരിച്ചിരുന്നത്'-മുഹമ്മദ് പറഞ്ഞു. 

മൊഫിയയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരേ കര്‍ശന നടപടി വേണമെന്നാണ് സഹപാഠികളുടെ ആവശ്യം. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും പുറമേ ആലുവ സി.ഐ.ക്കെതിരേയും ശക്തമായ നടപടി വേണമെന്നും ഇവര്‍ പറയുന്നു. മൊഫിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബുധനാഴ്ച കോളേജില്‍ അനുശോചന യോഗവും ചേര്‍ന്നിരുന്നു. 

Content Highlights: mofiya parveen death mofiya parveen suicide mofiya parveen friends says about her mofia parveen mofia parvin