കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജറുകളും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് പവര്‍ ബാങ്കുകളും അഞ്ച് മൊബൈല്‍ ചാര്‍ജറുകളും പിടിച്ചെടുത്തത്. അതേസമയം, പിടിച്ചെടുത്ത മൊബൈലുകളില്‍ സിംകാര്‍ഡുകള്‍ ഇല്ലെന്നാണ് വിവരം. ചില തടവുകാര്‍ മൊബൈല്‍ ഒരിടത്തും സിംകാര്‍ഡ് മറ്റൊരിടത്തുമാണ് സൂക്ഷിക്കാറുള്ളത്. അതിനാല്‍ സിംകാര്‍ഡുകള്‍ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. 

കഴിഞ്ഞദിവസങ്ങളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ജയിലില്‍നിന്ന് പുറത്തേക്ക് വ്യാപകമായി കോളുകള്‍ പോകുന്നതായും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലില്‍നിന്ന് നിര്‍ദേശം നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധന നടത്തിയത്. 

ഓഗസ്റ്റ് 11-ന് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാരില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചിരുന്നു. ഓഗസ്റ്റ് 19-ാം തീയതി കൊടി സുനിയില്‍നിന്ന് മൊബൈല്‍ ഫോണും ഹെഡ്‌സൈറ്റും സിംകാര്‍ഡും കത്രികയും പിടിച്ചെടുത്തു. ഓഗസ്റ്റ് 26-ന് മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ പക്കല്‍നിന്ന് കഞ്ചാവും മൊബൈല്‍ ഫോണും ചാര്‍ജറും പിടിച്ചു. ഇതിനുപിന്നാലെ ജയിലിലെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവവും വിയ്യൂരിലുണ്ടായി. 

Content Highlights: mobile phones and phone chargers seized from kannur central jail