ഇരിങ്ങാലക്കുട: ജില്ലാ കോടതിയില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതിയെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ അഴീക്കോട് മണപ്പുറത്ത് വീട്ടില്‍ മുഹമ്മദ് ഷഹീറി(37)നെയാണ് സൈബര്‍ സി.െഎ. പി.െക. പദ്മരാജന്‍, പോലീസ് സി.ഐ. എസ്.പി. സുധീരന്‍ എന്നിവര്‍ അടങ്ങിയ സംഘം കൊടുങ്ങല്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.

24-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ജില്ലാ കോടതിയിലെ ജീവനക്കാരി, ജഡ്ജിയുടെ ചേംബറിനു മുന്‍വശത്ത് വെച്ചിരുന്ന ഫോണാണ് പ്രതി മോഷ്ടിച്ചത്.

മോഷ്ടിച്ച ഉടനെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. വിവാഹബന്ധം വേര്‍പ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഷഹീര്‍ കോടതിയിലെത്തിയത്. ഫോണ്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കോടതി ജീവനക്കാരി ഇരിങ്ങാലക്കുടയിലുള്ള സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മോഷ്ടിച്ച ഫോണ്‍ കൊടുങ്ങല്ലൂര്‍ തെക്കേനടയിലുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ കൊടുത്ത് അണ്‍ ലോക്ക് ചെയ്യുകയും തുടര്‍ന്ന് ആ കടയില്‍ത്തന്നെ അയ്യായിരം രൂപക്ക് വില്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അഴീക്കോട് ജെട്ടിയില്‍നിന്ന് അറസ്റ്റുചെയ്തത്. അന്വേഷണ സംഘത്തില്‍ സൈബര്‍ എസ്.ഐ. സി. ചിത്തരഞ്ജന്‍, സീനിയര്‍ സി.പി.ഒ. മനോജ് എ.കെ., സൈബര്‍ വിദഗ്ധരായ ഷനൂഹ് സി.കെ., ഹസീബ് കെ.എ. എന്നിവരും ഉണ്ടായിരുന്നു.