തിരുവനന്തപുരം:  ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ആയ ജ്യോതി സുധാകറിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ജ്യോതി സുധാകര്‍ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനില്‍ എസ്.ഐ. ആയിരിക്കെ, ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 

ജൂണ്‍ 18-നാണ് പെരുമാതുറ സ്വദേശിയായ യുവാവിനെ കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അന്ന് മംഗലപുരം എസ്.ഐ. ആയിരുന്ന ജ്യോതി സുധാകറിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെ, എസ്.ഐ. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാണ് നിഗമനം. 

യുവാവ് മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് സൈബര്‍ സെല്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തിലാണ് കാണാതായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് എസ്.ഐ. ആണെന്ന് കണ്ടെത്തിയത്. ഇതിനിടെ, ജ്യോതി സുധാകറിന് ചാത്തന്നൂരിലേക്ക് സ്ഥലംമാറ്റവും ലഭിച്ചിരുന്നു. 

മരിച്ച യുവാവിന്റെ ഫോണ്‍ മോഷ്ടിച്ച എസ്.ഐ. ഔദ്യോഗിക സിം കാര്‍ഡാണ് ഇതില്‍ ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എസ്.ഐ. ഫോണ്‍ മോഷ്ടിച്ചെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടിരിക്കുന്നത്. 

Content Highlights: mobile phone theft chathannor si suspended from service