വടക്കഞ്ചേരി: ബധിരരുടെയും മൂകരുടെയും ക്ഷേമത്തിനായി പിരിവുചോദിച്ച് കടയിലെത്തിയ ആള്‍ മേശപ്പുറത്ത് വെച്ചിരുന്ന മൊബൈല്‍ ഫോണുമായി കടന്നു. മൊബൈല്‍ കവറിനുള്ളില്‍ 7000 രൂപയുമുണ്ടായിരുന്നു.

വടക്കഞ്ചേരി ടൗണില്‍ ഷാ ടവറിലുളള സ്റ്റാര്‍ലെറ്റ് സ്ഥാപന ഉടമ ഇ.വൈ. ജെസ്സിയുടെ 28,000 രൂപയുടെ സ്മാര്‍ട്ട് ഫോണാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ആംഗ്യഭാഷയിലൂടെ പിരിവിനായി അപേക്ഷിക്കുകയായിരുന്നു. പണമെടുക്കാന്‍ തിരിയുന്നതിനിടെ ആള്‍ ഫോണെടുത്ത് ഇറങ്ങി ഓടുകയായിരുന്നെന്ന് കടയുടമ പറഞ്ഞു. പിന്നാലെപ്പോയെങ്കിലും പിടികൂടാനായില്ല. ആള്‍ കടയില്‍ വരുന്നതിന്റെയും ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുള്‍പ്പെടെ ഉടമ നല്‍കിയ പരാതിയില്‍ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.