കൊല്ലം: റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം ഗലീലിയോ നഗര്‍-ആറില്‍ താമസിക്കുന്ന ജിനു(സായിപ്പ്-29)വാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.

വലിയകട ജോനകപ്പുറം ജങ്ഷനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന്റെ ടാങ്ക് കവറിനുള്ളില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് നാലിന് പോര്‍ട്ട് കൊല്ലം ജങ്ഷനില്‍ പട്രോളിങ് ഡ്യൂട്ടിക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യംചെയ്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് വസ്ത്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചനിലയില്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു.

ചോദ്യംചെയ്യലില്‍ അടുത്തായി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍നിന്ന് മോഷ്ടിച്ച ഫോണാണെന്ന് പറയുകയും തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വി.എന്‍.ജിബി, സി.പി.ഒ.മാരായ മാത്യൂസ്, അനില്‍കുമാര്‍ എന്നിവരാണ് പട്രോളിങ് സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: mobile phone robbered from parked bike