ചെന്നൈ: മൊബൈല്‍ ആപ്ലിക്കേഷനുകള്‍വഴി അനധികൃതമായി വായ്പനല്‍കി തട്ടിപ്പ് നടത്തിയ രണ്ട് ചൈനാക്കാരടക്കം നാലുപേരെ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തു. ദക്ഷിണ ചൈന സ്വദേശികളായ ഷിയാഒ യ മവു (38), യുവാന്‍ ലുന്‍ (28), കര്‍ണാടക ദൂപനഹള്ളി സ്വദേശി എസ്. പ്രമോദ (28), ചിക്കനഹള്ളി സ്വദേശി സി.ആര്‍. പവന്‍ (27) എന്നിവരാണ് പിടിയിലായത്. ചൈനയിലുള്ള ഹോങ് എന്നയാളാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു.

ആപ്പ് വഴി 'ഇന്‍സ്റ്റന്റ് ലോണ്‍' എന്നപേരില്‍ നിയമവിരുദ്ധമായി പണം നല്‍കുന്ന സംഘം ഉയര്‍ന്നപലിശ ഈടാക്കുകയും പണം നല്‍കാന്‍ വൈകിയാല്‍ വായ്പയെടുത്തവരെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാനാകാതെ ആളുകള്‍ ജീവനൊടുക്കിയ സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിലാണ് തട്ടിപ്പിനിരയായ ചെന്നൈ സ്വദേശിയായ യുവാവ് പോലീസില്‍ പരാതിനല്‍കിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ക്കണ്ട ഒരു ഇന്‍സ്റ്റന്റ് ലോണ്‍ ആപ്ലിക്കേഷനില്‍നിന്ന് 5000 രൂപയാണ് യുവാവ് വായ്പയെടുത്തത്. എന്നാല്‍, 1500 രൂപ പലിശയായി പിടിച്ച് ബാക്കി 3500 രൂപ മാത്രമേ അക്കൗണ്ടില്‍ ലഭിച്ചുള്ളൂ. ഒരാഴ്ചയ്ക്കകം 5000 രൂപയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പണമടയ്ക്കാതായതോടെ കമ്പനി പ്രതിനിധി ഫോണില്‍വിളിച്ച് മറ്റൊരു വായ്പാ ആപ്പില്‍നിന്ന് പണമെടുത്ത് ഈ തുക തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെ, കടം അടയ്ക്കുന്നതിന് നാല്‍പ്പതോളം ആപ്ലിക്കേഷനുകളില്‍നിന്ന് യുവാവ് വന്‍ പലിശയ്ക്ക് പണം വായ്പയെടുത്തു. വലിയ തുക തിരിച്ചടവായതോടെ യുവാവിന് ഭീഷണി ഫോണ്‍കോളുകള്‍ ലഭിച്ചുതുടങ്ങി. ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കുമുള്‍പ്പെടെ ഇത്തരത്തില്‍ സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് യുവാവ് പരാതി നല്‍കിയത്.

ആസ്ഥാനം ബെംഗളൂരു

സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇത്തരം മൊബൈല്‍ ആപ്പുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ബെംഗളൂരു ആസ്ഥാനമാക്കിയാണെന്ന് കണ്ടെത്തി. പരാതിക്കാരന് വായ്പനല്‍കിയ ബാങ്ക് അക്കൗണ്ടിലെ വിലാസത്തില്‍നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ബെംഗളൂരുവിലെ എച്ച്.എസ്.ആര്‍. ലേഔട്ടിലുള്ള ഒരു കോള്‍ സെന്ററില്‍ പോലീസ് റെയ്ഡ് നടത്തി. ഇരുപതോളം ലാപ്ടോപ്പുകളും മൊബൈല്‍ ഫോണും വിവിധരേഖകളും പിടിച്ചെടുത്തു. കമ്പനി മേധാവികളായ പ്രമോദയെയും പവനെയും അറസ്റ്റ് ചെയ്തപ്പോഴാണ് ചൈനാക്കാരുടെ പങ്ക് വെളിച്ചത്തായത്. ഓണ്‍ലൈനില്‍ക്കണ്ട പരസ്യംവഴി പരിചയപ്പെട്ട ചൈനീസ് സംഘത്തിന്റെ നിര്‍ദേശാനുസരണമാണ് ഇരുവരും കോള്‍ സെന്റര്‍ ആരംഭിച്ചത്. മാസം 8000 രൂപ ശമ്പളത്തിന് നൂറിലധികം ജീവനക്കാരെയും നിയമിച്ചു. ഓരോരുത്തരും ദിവസം പത്തുപേരെ ഫോണില്‍ വിളിച്ച് വായ്പയെടുപ്പിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന നിബന്ധനയുമുണ്ടായിരുന്നു. ഇതിനെല്ലാമാവശ്യമായ പണം നല്‍കിയത് ചൈനീസ് സംഘമാണ്. മൊബൈല്‍ ആപ്പുകള്‍ നിര്‍മിച്ചയാളുടെ വിവരങ്ങളും പോലീസിന് ലഭിച്ചു.

Content Highlights: mobile app loan fraud four arrested in bengaluru