പത്തനംതിട്ട: മൊബൈൽ ആപ്പ് വഴി വായ്പ വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിന്റെ കുരുക്കിൽപ്പെട്ടത് ഒട്ടേറെപ്പേർ. ഇത്തരത്തിലുളള ഒമ്പത് മൊബൈൽ ആപ്ലിക്കേഷനുകൾ പോലീസ് തിരിച്ചറിഞ്ഞു.

ഒരാഴ്ച കാലാവധിയിൽ കുറഞ്ഞ തുക വായ്പയായി നൽകുന്ന സംഘം പലിശയായി ഇടാക്കുന്നത് വൻ തുകയാണ്. ഇത്തരത്തിൽ വായ്പയെടുത്ത യുവാവിന്റെ കല്യാണാലോചന വരെ സംഘം മുടക്കി.

വ്യക്തിഗത വായ്പ ലഭിക്കുമെന്ന എസ്.എം.എസ്. സന്ദേശത്തിൽ ആകൃഷ്ടനായ പത്തനംതിട്ട ജില്ലക്കാരനായ യുവാവാണ് തട്ടിപ്പിനിരയായത്. ആപ് ഡൗൺലോഡ് ചെയ്തതോടെ ഇയാളുടെ വിവരങ്ങൾ സംഘം കൈക്കലാക്കി. വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ഫോൺലിസ്റ്റിലുള്ളവർക്കെല്ലാം സംഘം സന്ദേശമയച്ചു. ലിസ്റ്റിലുണ്ടായിരുന്ന വിവാഹ ദല്ലാളിനും സന്ദേശം കിട്ടിയതോടെ വിവാഹാലോചന മുടങ്ങി.

സ്നാപ് ഇറ്റ്, കാഷ്ബീ, റുപീ ബസാർ, റുപീ ഫാക്ടറി, മണിബോക്സ്, ഗോ കാഷ്, ഗോൾഡ് ബൗൾ, നീഡ് റുപീ, ഗെറ്റ് റുപീ എന്നീ ആപ്ലിക്കേഷനുകൾ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

ദിവസ കാലാവധിയിൽ അനുവദിക്കുന്ന വായ്പകളിൽ തിരിച്ചടവ് മുടങ്ങിയാൽ പലിശ കൂടുകയും മാസങ്ങൾക്കുള്ളിൽ തുക ഇരട്ടിയോ അതിലധികമോ ആകുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. ഇത്തരം ആപ് ഡൗൺലോഡ് ചെയ്യുമ്പോൾ ഫോണിലുള്ള വിവരങ്ങൾ ഉപയോഗിക്കാൻ പലരും അനുവാദം കൊടുക്കാറുണ്ട്. ഇതാണ് അപകടമായി മാറുന്നതെന്ന് പോലീസ് പറഞ്ഞു.

വായ്പ ലഭ്യമാക്കുന്ന ബാങ്ക്-ധനകാര്യ സ്ഥാപനം ഏതെന്നു വ്യക്തമല്ലെങ്കിൽ ഇടപാട് നടത്തരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

തട്ടിപ്പിന്റെ പൂർണ വിവരങ്ങൾ ശേഖരിച്ചാലുടൻ ആപ്പുകൾ പ്ലേസ്റ്റോറിൽനിന്നു നീക്കംചെയ്യാൻ ശുപാർശ നൽകാനാണ് പോലീസ് ആലോചന.

Content Highlights:mobile app loan fraud