കൊൽക്കത്ത: കാമുകൻ ജീവനൊടുക്കിയതിന് പിന്നാലെ കാമുകിയ്ക്ക് നാട്ടുകാരുടെ ക്രൂരമർദനം. മരിച്ച ആൺകുട്ടിയുടെ കൈകൾ കൊണ്ട് നാട്ടുകാർ പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരവും ചാർത്തി. ബംഗാളിലെ ബർദമാനിലാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ സംഭവത്തിൽ പോലീസ് കേസെടുത്തു.

വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടിയും ആൺകുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും ആഗ്രഹിച്ചു. എന്നാൽ ഇവരുടെ പ്രായം കണക്കിലെടുത്ത് പെൺകുട്ടിയുടെ അമ്മ ഇതിനെ എതിർത്തു. തുടർന്ന് കമിതാക്കൾക്കിടയിൽ പ്രശ്നങ്ങളുണ്ടാവുകയും ആൺകുട്ടി ജീവനൊടുക്കുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് മറ്റുപ്രശ്നങ്ങൾ ഉടലെടുത്തത്.

ആൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതിന് പിന്നാലെ പ്രദേശത്തെ നാട്ടുകാർ സംഘടിച്ചു. ആൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇരച്ചെത്തി. തുടർന്ന് പെൺകുട്ടിയെയും അമ്മയെയും ഇവർ സംഘം ചേർന്ന് മർദിച്ചു. ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കാമുകന്റെ മൃതദേഹത്തിനടുത്ത് എത്തിച്ചു. ഇവിടെവെച്ചാണ് മരിച്ചയാളുടെ കൈകൾ കൊണ്ട് നാട്ടുകാർ പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയത്.

കാമുകൻ ജീവനൊടുക്കാൻ ശ്രമിക്കുമെന്ന് അറിഞ്ഞിട്ടും പെൺകുട്ടി ഇത് തടയാൻ ശ്രമിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് കാമുകൻ പെൺകുട്ടിക്ക് തന്റെ ചിത്രം അയച്ചുനൽകിയതായും നാട്ടുകാർ പറഞ്ഞു. കാമുകന്റെ അമ്മയുടെ മൊബൈൽ നമ്പർ അറിയാമായിരുന്നിട്ടും ഇക്കാര്യം പെൺകുട്ടി അവരെ അറിയിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

Content Highlights:mob gets sindoor applied on girl after her boyfriend death she brutally attacked by them