ഭോപ്പാല്‍:  മധ്യപ്രദേശിലെ ഭോപ്പാലില്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. പരസ്യമായി പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ദിനേശ് കൗശല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഭോപ്പാലിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. പെണ്‍കുട്ടിക്കൊപ്പം ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു. 

സ്‌കൂട്ടറിലെത്തിയ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വീഡിയോയില്‍ പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ആള്‍ക്കൂട്ടത്തിലെ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് പെണ്‍കുട്ടി ബുര്‍ഖ അഴിക്കുന്നതും സുഹൃത്ത് ഇത് മറ്റുള്ളവര്‍ക്ക് കൈമാറുന്നതും വീഡിയോയിലുണ്ട്. 

Content Highlights: mob forces girl to remove burqa in bhopal video goes viral two held by police