കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഹോട്ടലിലെ ഡി.വി.ആര്‍. കണ്ടെത്താന്‍ പോലീസിന്റെ പരിശോധന. കൊച്ചി തേവര കണ്ണംങ്കാട്ട് പാലത്തിന് സമീപമാണ് ബുധനാഴ്ച വൈകിട്ടോടെ പോലീസ് പരിശോധന ആരംഭിച്ചത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. ഇവിടെ ഉപേക്ഷിച്ചതായി ചില ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുള്ളതായാണ് വിവരം. ഇതിനെത്തുടര്‍ന്നാണ് ജീവനക്കാരെ ഇവിടെയെത്തിച്ച് തിരച്ചില്‍ തുടരുന്നത്. 

ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറാണ് പോലീസിന് ഇതുവരെ കണ്ടെടുക്കാന്‍ കഴിയാത്തത്. കഴിഞ്ഞദിവസം ഹോട്ടലുടമയായ റോയി വയലാട്ട് ഒരു ഡി.വി.ആര്‍. പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇതില്‍ ഡി.ജെ. പാര്‍ട്ടിയുടെ ദൃശ്യങ്ങളുണ്ടായിരുന്നില്ല. ഈ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. റോയി നശിപ്പിച്ചെന്ന് തന്നെയാണ് പോലീസ് നല്‍കുന്ന സൂചന. ഇതിനിടെ ബുധനാഴ്ച രാവിലെ റോയിയെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ഡി.വി.ആര്‍. തേവര പാലത്തിന് സമീപം ഉപേക്ഷിച്ചതായുള്ള സൂചനകള്‍ ലഭിച്ചത്. 

ഡി.വി.ആര്‍. നശിപ്പിച്ചെന്ന് സ്ഥിരീകരിച്ചാല്‍ റോയിക്കെതിരേയും മറ്റു ജീവനക്കാര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്നവിവരം. തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാകും കേസ് രജിസ്റ്റര്‍ ചെയ്യുക. 

അതിനിടെ, മോഡലുകളുടെ അപകടമരണത്തില്‍ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. റോയി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളതെന്നും ഇയാളുടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും അന്‍സിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ വിപുലമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

Content Highlights: misskerala winners ansi kabeer anjana shajan accident death police searching to find dvr of dj party