ഹൈദരാബാദ്: കാണാതായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കാട്ടിനുള്ളില്‍ കണ്ടെത്തി. തെലങ്കാന കോട്ടപ്പള്ളി സ്വദേശി മഹേന്ദര്‍(28), ശിവലീല(23) എന്നിവരെയാണ് വിക്രബാദ് അനന്തഗിരിയിലെ കാട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കാലികളെ മേയ്ക്കാനായി വനത്തിലേക്കെത്തിയ ചിലരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

ഏപ്രില്‍ ആറിനാണ് മഹേന്ദറിനെയും ശിവലീലയെയും കാണാതാകുന്നത്. നേരത്തെ ഒരുമിച്ച് കെട്ടിട നിര്‍മാണ ജോലി ചെയ്തിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിവാഹിതയായ ശിവലീലയും ഭാര്യയും കുട്ടികളുമുള്ള മഹേന്ദറും രണ്ട് വര്‍ഷം മുമ്പ് ഒരു കെട്ടിട നിര്‍മാണ ജോലിക്കിടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ഈ പരിചയം വളരുകയും അടുപ്പമാവുകയും ചെയ്തു. ഇതിനിടെയാണ് ഏപ്രില്‍ ആറിന് ഇരുവരെയും കാണാതായത്. 

മഹേന്ദറിനെയും ശിവലീലയെയും കാണാനില്ലെന്ന് കാണിച്ച് ഇരുവരുടെയും ബന്ധുക്കള്‍ പോലീസില്‍  പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും സിമ്മും ഫോണും നശിപ്പിച്ചതിനാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ ഇരുവരെയും കാട്ടിനുള്ളില്‍  തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 

വന്യമൃഗങ്ങള്‍ മാന്തിക്കീറിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് പോലീസ് പറഞ്ഞത്. ഇതിന് സമീപത്തുനിന്നായി മഹേന്ദറിന്റെ ബൈക്കും പേഴ്‌സും കണ്ടെടുത്തിരുന്നു. മാത്രമല്ല, മൃതദേഹങ്ങള്‍ക്ക് അടുത്തായി ബിസ്‌ക്കറ്റ് പാക്കറ്റുകളും പാലും കണ്ടെത്തി. ഏപ്രില്‍ ആറിന് തന്നെ ഇരുവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: missing youth and woman's found dead in forest