പാലക്കാട്: മൂന്നാഴ്ചയായി കുഴൽമന്ദത്തിനടുത്ത് കളപ്പെട്ടിയിൽനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കളപ്പെട്ടി വില്ലേജോഫീസിനുസമീപം മന്ദത്ത് വീട്ടിൽ മണിയുടെ ഭാര്യ കമലത്തെയാണ് (72) കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് മകൻ ബാബുവിനെ (45) പോലീസ് നിരീക്ഷണത്തിലാക്കി.

വീട്ടുമുറ്റത്ത് ഒരാൾക്ക് കിടക്കാവുന്ന വലിപ്പത്തിലുള്ള കുഴിയെടുത്ത് മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം. രണ്ടു പുതപ്പിൽ ഭദ്രമായി പൊതിഞ്ഞ അഴുകിയ മൃതദേഹത്തിൽ കമലം അണിഞ്ഞിരുന്ന ആഭരണങ്ങളുമുണ്ടായിരുന്നു. പുതപ്പിൽ പൊതിഞ്ഞ് അതിനുമുകളിൽ ഓടുകൾനിരത്തി മണ്ണിട്ട് മൂടുകയായിരുന്നു. മണ്ണിട്ട് മൂടിയതിന്റെ വശങ്ങളിൽ കരിങ്കല്ലുകളും പാകിയിരുന്നു.

മൂന്നുമക്കളുള്ള കമലം ഇളയമകൻ ബാബുവിനൊപ്പമാണ് താമസിക്കുന്നത്. മനോവൈകല്യമുള്ള ഇയാൾ നാട്ടുകാരുമായി അകന്നുകഴിയുന്ന ആളാണ്. അതിനാൽ ആരും ഈ വീടുമായി അടുത്തബന്ധം പുലർത്തിയിരുന്നില്ല. കമലത്തെ കാണാത്തതിനെത്തുടർന്ന് സമീപവാസികൾ പാറ പള്ളത്തേരിയിൽ താമസിക്കുന്ന മറ്റൊരു മകൻ രവികുമാറിനെ വിവരമറിയിച്ചു. തുടർന്ന്, ഇദ്ദേഹം കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ പരാതിനൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടുമുറ്റത്ത് മൺകൂന കണ്ടത്.

ബാബു തിങ്കളാഴ്ച വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന്, വീട്ടിൽ പോലീസ്കാവൽ ഏർപ്പെടുത്തി. ചൊവ്വാഴ്ചരാവിലെ കുഴൽമന്ദത്തുനിന്ന് ബാബുവിനെ കണ്ടെത്തി ചോദ്യംചെയ്തപ്പോൾ മൃതദേഹം കുഴിച്ചിട്ടെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന്, ആലത്തൂർ തഹസിൽദാർ കെ. ബാലകൃഷ്ണൻ, ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. സയന്റിഫിക് ഓഫീസർ പി.പി. സൗഫീന, വിരലടയാളവിദഗ്ധൻ കെ.വി. അജേഷ് എന്നിവർ പരിശോധിച്ച് മൃതദേഹത്തിലുള്ള വസ്തുക്കൾ പരിശോധനക്കെടുത്തു. മൃതദേഹം ഇൻക്വസ്റ്റിനുശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

കുഴൽമന്ദം സി.ഐ. ഇ.പി. രാമദാസ്, എസ്.ഐ. എ. അനൂപ്, അഡീഷണൽ എസ്.ഐ. വി.എസ്. ഡിനുറൈനി, സി. ശബരീശൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവസ്ഥലത്തുണ്ടായിരുന്നു. രവികുമാറിനെക്കൂടാതെ പഴനിയിൽ താമസിക്കുന്ന ശെൽവനാണ് കമലത്തിന്റെ മറ്റൊരു മകൻ.

സ്വാഭാവികമരണമെന്ന് പ്രാഥമികനിഗമനം

മൃതദേഹത്തിൽ മുറിവുകളൊന്നുമില്ലാത്തതിനാൽ സ്വാഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ തുടർനടപടികളെടുക്കയുള്ളൂ. കൊലപാതകമാണോയെന്ന് പരിശോധിക്കണം. ബാബുവിനെ ആലത്തൂരിലുള്ള കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കിയിരിക്കയാണ്.

- ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ.

Content Highlights:missing womans body exhumed from her own home in palakkad