കുറുപ്പംപടി: ആത്മഹത്യാക്കുറിപ്പെഴുതി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെത്തേടി സമീപമുള്ള പാറക്കുളത്തില്‍ ഒരു മണിക്കൂറോളം അഗ്‌നിരക്ഷാ സേനയുടെ തിരച്ചില്‍. പിന്നീട് അടുത്തുള്ള റബ്ബര്‍ തോട്ടത്തിലെ ആള്‍ത്താമസമില്ലാത്ത വീടിനു സമീപത്തുനിന്ന് യുവതിയെ അവശനിലയില്‍ കണ്ടെത്തി, ആശുപത്രിയിലാക്കി.

വേങ്ങൂര്‍ വക്കുവള്ളിയില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. വീടിനകത്തും അടുത്തുള്ള വെള്ളം നിറഞ്ഞുകിടന്ന പാറമടയ്ക്കു സമീപം മരത്തിലുമാണ് 22-കാരിയായ യുവതി ആത്മഹത്യാക്കുറിപ്പെഴുതിവെച്ചിരുന്നത്.

വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കുറുപ്പംപടി പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. കോതമംഗലത്തു നിന്നെത്തിയ അഗ്‌നിരക്ഷാ സേനയുടെ മുങ്ങല്‍വിദഗ്ദ്ധരായ 'സ്‌കൂബ' ടീമിന്റെ നേതൃത്വത്തിലായിരുന്നു പാറമടയിലെ തിരച്ചില്‍.

ഒരു ഏക്കറിലധികം വിസ്തൃതിയും 150 അടിയോളം താഴ്ചയുമുള്ള പാറമടയില്‍ ഒരു മണിക്കൂറിലേറെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താത്തതിനെ തുടര്‍ന്നാണ് എല്ലാവരും ചേര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ തുടങ്ങിയത്. 12 മണിയോടെ അവശനിലയില്‍ യുവതിയെ കണ്ടെത്തി.

ആദ്യം പെരുമ്പാവൂരിലെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ യുവതിയുടെ നില ഗുരുതരമല്ല.

ആത്മഹത്യ ചെയ്യുന്നതിനായി പാറമടയില്‍ ചാടിയെങ്കിലും നീന്തലറിയാവുന്നതിനാല്‍ മരണവെപ്രാളത്തിനിടെ വെള്ളത്തില്‍നിന്ന് രക്ഷപ്പെട്ടതായിരിക്കുമെന്നാണ് അഗ്‌നിരക്ഷാ സേനയുടെ വിലയിരുത്തല്‍.

പെരുമ്പാവൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ സേനയുടെ മുങ്ങല്‍ വിദഗ്ദ്ധരായ ബിജുമോന്‍ കെ.ബി., കെ.എന്‍. ബിജു, രാജു കെ.കെ., ഷാജി ജോസഫ്, ഷാജി വി.എം. എന്നിവരാണ് പാറമടയില്‍ തിരച്ചില്‍ നടത്തിയത്.