പാലക്കാട്: ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കുട്ടികള്‍ ഇത്രയും ദിവസം എവിടെയൊക്കെ പോയെന്നോ എന്താണ് വീട് വിട്ടിറങ്ങാന്‍ കാരണമായതെന്നോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

Read Also: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ നാലുപേര്‍ വീട് വിട്ടിറങ്ങി, ഊര്‍ജിത തിരച്ചില്‍; പൊള്ളാച്ചിയില്‍ എത്തി....

നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്‌നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. 

സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ ചിത്രങ്ങള്‍ സഹിതമുള്ള നോട്ടീസുകള്‍ തമിഴ്‌നാട്ടിലെ പലഭാഗങ്ങളിലും പോലീസ് പതിക്കുകയും ചെയ്തു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ കുട്ടികളെ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചിരിക്കുന്നത്. 

Content Highlights: missing school students from alathur found in coimbatore tamilnadu