ഗാന്ധിനഗർ(കോട്ടയം): കോട്ടയം മെഡിക്കൽ കോളേജിനുസമീപം മുടിയൂർക്കര മാന്നാനം റോഡിലെ ചാത്തുണ്ണിപ്പാറയ്ക്കുസമീപം കത്തിക്കരിഞ്ഞനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മള്ളൂശേരി, കാർത്തിക വീട്ടിൽ പ്രശാന്ത് (37)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടുദിവസം മുൻപ് വീട്ടിൽനിന്ന് കാണാതായിരുന്നു. ആത്മഹത്യയാെണന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് ചത്തുണ്ണിപ്പാറയ്ക്കുസമീപം മെഡിക്കൽ കോളേജിന്റെ കാടുപിടിച്ചസ്ഥലത്ത് മൃതദേഹം കണ്ടത്. ശരീരഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പ്രശാന്തിന് സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി പറയുന്നു.

ബന്ധുക്കളുടെ പരാതിയിൽ ഗാന്ധിനഗർ പോലീസ് വെള്ളിയാഴ്ച കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് പ്രശാന്ത് വീട്ടിൽനിന്ന് പോയതെന്ന് ബന്ധുക്കൾ പറയുന്നു. പ്രശാന്ത് ഏറെനാളായി വാടകയ്ക്കെടുത്ത കാറിലാണ് സഞ്ചരിച്ചിരുന്നത്. ഏറെക്കാലമായി വാടക കിട്ടാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ കാറുടമ ജി.പി.ആർ.എസ്. വെച്ച് നടത്തിയ പരിശോധനയിൽ മെഡിക്കൽകോളേജിനുസമീപം വാഹനമുള്ളതായി കണ്ടു. ഇവിടെയെത്തിയ ഉടമ വാഹനം എടുത്തുകൊണ്ടുപോയി. പ്രശാന്തിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കാർ കസ്റ്റഡിയിലെടുക്കുകയും വാഹനം കിടന്ന സ്ഥലത്തിനടുത്ത് നടത്തിയ പരിശോധനയിൽ നൂറുമീറ്റർ മാറി മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

സംഭവത്തിൽ ദുരൂഹതയില്ലെന്നും സാമ്പത്തികബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും ഗാന്ധിനഗർ പോലീസ് പറയുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവി ഡി.ശില്പയും സ്ഥലത്തെത്തിയിരുന്നു. പരേതനായ രാജശേഖരൻ നായരുടെയും വിജയമ്മയുടെയും മകനാണ് പ്രശാന്ത്. ഭാര്യ: പാർവതി. മക്കൾ: അദ്വൈത്, അർണവ്.