കൊച്ചി: അച്ഛനോടൊപ്പം പോയി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. കങ്ങരപ്പടി ശ്രീ ഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ ബീറ്റാ ഗ്രീന്‍ 6 എ-യില്‍ സനു മോഹന്റെ മകള്‍ വൈഗ (13) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സനുവിനെ കണ്ടെത്താനായിട്ടില്ല.

ഇവരെ കാണാനില്ലെന്ന് കാട്ടി തിങ്കളാഴ്ച രാവിലെ ബന്ധുക്കള്‍ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് മഞ്ഞുമ്മല്‍ ആറാട്ട് കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് തെക്കുവശത്ത് നിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. ഏലൂര്‍ അഗ്‌നിരക്ഷാനിലയത്തില്‍ നിന്നു ജീവനക്കാരെത്തിയാണ് മൃതദേഹം പുഴയില്‍ നിന്നെടുത്തത്. മൃതദേഹം വൈഗയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ സനു മോഹനു വേണ്ടി വീണ്ടും പുഴയില്‍ തിരച്ചില്‍ തുടങ്ങി. തിരച്ചില്‍ രാത്രിവരെ നീണ്ടു.

പെണ്‍കുട്ടിയുടെ മൃതദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. മേല്‍നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഞായറാഴ്ച വൈകീട്ട് ഭാര്യ രമ്യയും മകളുമൊത്ത് ആലപ്പുഴയില്‍ എത്തിയ സനു മോഹന്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ ഭാര്യയെ നിര്‍ത്തി അടുത്തൊരു വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞാണ് മകള്‍ക്കൊപ്പം പോയത്. അര്‍ധരാത്രിയായിട്ടും ഇരുവരെയും കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കാക്കനാട് ഫ്ളാറ്റില്‍ എത്തി തിരക്കി. ഞായറാഴ്ച രാത്രി 9.30-ന് ഫ്ളാറ്റില്‍ എത്തിയതായും കുറച്ചു കഴിഞ്ഞപ്പോള്‍ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചു.