മുംബൈ: ആശുപത്രിയിൽനിന്ന് കാണാതായ കോവിഡ് രോഗിയെ രണ്ടാഴ്ചയ്ക്ക് ശേഷം അതേ ആശുപത്രിയിലെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈയിലെ ടി.ബി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൂര്യഭാൻ യാദവിനെ(27)യാണ് ആശുപത്രിയിലെ പൂട്ടിയിട്ട ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടത്. ശുചിമുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഒക്ടോബർ നാലിനാണ് യുവാവിനെ കാണാനില്ലെന്ന് ആശുപത്രി അധികൃതർ പരാതി നൽകിയിരുന്നത്. ക്ഷയ രോഗത്തിനൊപ്പം യുവാവിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരിക്കെ രോഗിയെ ആശുപത്രിയിൽനിന്ന് കാണാതായെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്. എന്നാൽ ആരും കൃത്യമായ അന്വേഷണം നടത്തിയില്ല. ഇതിനിടെയാണ് ഒക്ടോബർ 18-ാം തീയതി ശൗചാലയത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടത്.

ശ്വാസതടസം അടക്കം അനുഭവപ്പെട്ടിരുന്ന യുവാവിന്റേത് സ്വഭാവിക മരണമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അതേസമയം, ഇത്രയും ദിവസം യുവാവ് ശുചിമുറിയിൽ അകപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാതിരുന്നതിൽ ആശുപത്രിക്കെതിരേ ഗുരുതര ആരോപണമുയർന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രി അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസും കേസെടുത്തു.

ആശുപത്രി ജീവനക്കാരെ ഉടൻ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരേയും ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനെതിരേയും ബി.ജെ.പി.യും രംഗത്തെത്തി. രോഗിയെ കാണാതായിട്ട് അധികൃതർ കണ്ടെത്താൻ ശ്രമിച്ചില്ലെന്നും ബന്ധുക്കളെ പോലും അറിയിച്ചില്ലെന്നും ബി.ജെ.പി. നേതാവ് കീർത്തി സോമയ്യ ആരോപിച്ചു. മഹാരാഷ്ട്ര സർക്കാരും കോർപ്പറേഷനും ഇവിടെ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

Content Highlights:missing covid patients dead body found at hospitals toilet in mumbai