കോട്ടയം: ഏഴു വർഷം മുൻപ് പള്ളിക്കത്തോട്ടിൽനിന്ന് കാണാതായ ദമ്പതിമാരെ ആലപ്പുഴയിൽനിന്ന് പോലീസ് കണ്ടെത്തി. കാഞ്ഞിരമറ്റം തോക്കാട് വടക്കേപ്പറമ്പിൽ ടോം തോമസ് (36), ഭാര്യ റീജ തോമസ് (32) എന്നിവരെയാണ് ഹോം സ്റ്റേ നടത്തിപ്പ് സ്ഥാപനത്തിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയശേഷം ഇവരെ വിട്ടയച്ചു. സാമ്പത്തികബാധ്യത മൂലമാണ് ഇവർ നാടുവിട്ടതെന്ന് പോലീസ് പറയുന്നു.

അടുത്തയിടെ ദമ്പതിമാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ആലപ്പുഴയിൽ ഇവരെ കണ്ട ഒരാൾ ഇക്കാര്യം പോലീസിന് നൽകി. കാണാതായ സംഭവത്തിൽ കേസുള്ളതിനാൽ ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

പള്ളിക്കത്തോട് ബൈപ്പാസ് റോഡിൽ ഹോട്ടൽ നടത്തിയിരുന്നു. നാടുവിട്ടശേഷം ആദ്യത്തെ 15 ദിവസം ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിൽ കഴിഞ്ഞു. ശേഷം ആലപ്പുഴയിൽ പരിചയക്കാരന്റെ ഉടമസ്ഥതയിലുള്ള നഗരത്തിലെ സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. 25 മുറികളും ചെറിയ ഹട്ടുകളുമുള്ള സ്ഥാപനം വാടകയ്ക്ക് എടുത്ത് നടത്തുന്നതിനൊപ്പം ചെറിയ ഹോട്ടലും നടത്തിയിരുന്നു. എന്നാൽ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരേ കാണാതായത് സംബന്ധിച്ച പരാതി മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Content Highlights:missing couple found from alappuzha after seven years