മംഗളൂരു: ശനിയാഴ്ച രാത്രിമുതല്‍ കാണാതായ ആണ്‍കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മംഗളൂരു കെ.സി. റോഡ് സ്വദേശിയായ 12-കാരനെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ശനിയാഴ്ച രാത്രിയാണ് 12-കാരനെ വീട്ടില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വീട്ടില്‍നിന്നിറങ്ങിയ കുട്ടി പിന്നീട് തിരികെവന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. കുട്ടിയെ കാണാതായതോടെ ശനിയാഴ്ച രാത്രി തന്നെ ഇവര്‍ ഉള്ളാള്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. 

വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. കുട്ടി പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്ളാള്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ ശശികുമാര്‍ പറഞ്ഞു. 

Content Highlights: missing boy found murdered in mangaluru