കൊച്ചി:  സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നതാണ് മോഡലുകളടക്കമുള്ളവരുടെ അപകടമരണത്തിന് കാരണമായതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. സൈജു ലഹരിക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. 

സൈജു നേരത്തെ പല പെണ്‍കുട്ടികളെയും ചൂഷണത്തിനിരയാക്കിയിട്ടുണ്ട്. ഇവര്‍ പരാതിപ്പെട്ടാല്‍ പോലീസ് കേസെടുക്കും. ദുരുദ്ദേശ്യത്തോടെയാണ് സൈജു മോഡലുകളെ പിന്തുടര്‍ന്നത്. ഈ ചേസിങ്ങാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണമെന്നും കമ്മീഷണര്‍ വിശദീകരിച്ചു. 

സൈജുവിന്റെ ലഹരി മരുന്ന് ഉപയോഗവും ഇടപാടുകളും സംബന്ധിച്ച് ഒട്ടേറെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. സൈജുവിന്റെ ഫോണില്‍നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി. സ്ഥിരമായി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സൈജു, അവിടെയെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. 

നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം സൈജു മോഡലുകളായ യുവതികളെ പിന്തുടര്‍ന്നതും ദുരുദ്ദേശ്യത്തോടെയായിരുന്നു. സംഭവദിവസം രാത്രി മോഡലുകളെ കൊച്ചിയില്‍ തന്നെ നിര്‍ത്താനായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ യുവതികളും സുഹൃത്തുക്കളും ഇതിന് വിസമ്മതിച്ചതോടെയാണ് ഇവരെ പിന്തുടര്‍ന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കാറോടിച്ചിരുന്ന അബ്ദുറഹ്മാന്‍ മദ്യലഹരിയിലായതിനാല്‍ വാഹനവുമായി പോകേണ്ടെന്ന് പറയാനാണ് അവരെ പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. കഴിഞ്ഞദിവസം സൈജുവിന്റെ ഔഡി കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗര്‍ഭനിരോധന ഉറകളും ചില മരുന്നുകളും ഉള്‍പ്പെടെ കാറില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. 

കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ചൊവ്വാഴ്ച സൈജുവിനെ കോടതിയില്‍ ഹാജരാക്കും. മൂന്നുദിവസത്തേക്ക് നേരത്തെ കസ്റ്റഡി അനുവദിച്ചിരുന്നത്. അതിനിടെ, അപകടമരണ കേസുമായി ബന്ധപ്പെട്ട് മോഡലുകളുടെ ബന്ധുക്കള്‍ വീണ്ടും പോലീസിനെ കാണുമെന്നും വിവരങ്ങളുണ്ട്. 

Content Highlights: miss kerala winners ansi kabeer anjana shajan accident death case police says about saijus chasing