കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഒക്ടോബര്‍ 31-ന് രാത്രി നടന്ന ഡി.ജെ. പാര്‍ട്ടിയെ സംബന്ധിച്ച് എക്‌സൈസും അന്വേഷിക്കും. മട്ടാഞ്ചേരി എക്‌സൈസ് സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പാര്‍ട്ടിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക. ഒക്ടോബര്‍ 31-ന് രാത്രി വൈകിയും ഹോട്ടലില്‍ മദ്യം വിളമ്പിയതായാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.

നേരത്തെയും നമ്പര്‍ 18 ഹോട്ടലിനെതിരേ എക്‌സൈസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഒക്ടോബര്‍ 23-ന് ലഭിച്ച പരാതിയില്‍ എക്‌സൈസ് വിശദമായ അന്വേഷണം നടത്തുകയും രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം വിളമ്പിയതായി കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തില്‍ പിഴ ഈടാക്കാനാണ് അന്വേഷണസംഘം ആദ്യം നിര്‍ദേശം നല്‍കിയത്. എന്നാല്‍ എക്‌സൈസ് കമ്മീഷണറേറ്റിന്റെ നിര്‍ദേശപ്രകാരം നവംബര്‍ ഒന്നാം തീയതി ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 

ഒക്ടോബര്‍ 31-ന് രാത്രി നടന്ന പാര്‍ട്ടിയിലാണ് മുന്‍ മിസ് കേരള വിജയികളും സുഹൃത്തുക്കളും പങ്കെടുത്തത്. ഈ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. 

Accident

അതേസമയം, ഹോട്ടലുടമ റോയി വയലാട്ടിനെ പോലീസ് സംഘം ബുധനാഴ്ചയും ചോദ്യംചെയ്യും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ച മറ്റൊരു ഡി.വി.ആര്‍. കൂടി ഹാജരാക്കാന്‍ ഇയാളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു ഡി.വി.ആര്‍. റോയി വയലാട്ട് പോലീസിന് കൈമാറിയെങ്കിലും ഇതില്‍ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളുണ്ടായിരുന്നില്ല. ഹോട്ടലിലെ ദൃശ്യങ്ങള്‍ ആകെ മൂന്ന് ഡി.വി.ആറുകളിലായി സൂക്ഷിച്ചിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ഇതില്‍ കൃത്രിമം കാണിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അതിനാല്‍തന്നെ ഫൊറന്‍സിക്, സൈബര്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഈ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും. 

എക്‌സൈസ് നടപടി ഭയന്നാണ് ഹോട്ടലിലെ ഡി.വി.ആര്‍. മാറ്റിയതെന്നാണ് റോയി വയലാട്ട് കഴിഞ്ഞദിവസം പോലീസിന് നല്‍കിയ മൊഴി. രാത്രി വൈകിയും മദ്യം വിളമ്പിയതിന് നേരത്തെ നമ്പര്‍ 18 ഹോട്ടല്‍ എക്‌സൈസ് അന്വേഷണം നേരിട്ടിരുന്നു. ഒക്ടോബര്‍ 31-ന് രാത്രിയും ഇക്കാര്യം ആവര്‍ത്തിച്ചതായി കണ്ടെത്തിയാല്‍ എക്‌സൈസ് സംഘം കടുത്തനടപടിയിലേക്ക് കടക്കുമെന്ന് ഭയന്നാണ് സിസിടിവി ദൃശ്യങ്ങള്‍ ഒളിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴികളൊന്നും പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. 

ansi kabeer accident

ഒക്ടോബര്‍ 31-ന് രാത്രി സിനിമാ മേഖലയിലെ ചില പ്രമുഖര്‍ നമ്പര്‍ 18 ഹോട്ടലില്‍ തങ്ങിയതായി വിവരങ്ങളുണ്ട്. പാര്‍ട്ടിക്കിടെ ഇവര്‍ മുന്‍ മിസ് കേരള വിജയികളോട് തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് കരുതുന്നത്. തുടര്‍ന്ന് അന്‍സി കബീറും അന്‍ജന ഷാജനും അടക്കമുള്ള സംഘം ഹോട്ടലില്‍നിന്ന് മടങ്ങുകയായിരുന്നു. ഈ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഔഡി കാറില്‍ ഇവരെ പിന്തുടര്‍ന്നതെന്നാണ് സംശയം. കാര്‍ ഓടിച്ചിരുന്ന അബ്ദുറഹ്മാനെ വിശദമായി ചോദ്യംചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്. 

അതിനിടെ, കൊച്ചിയിലെ അപകടമരണത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. അപകടത്തിന് തലേദിവസം ഹോട്ടലില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതെല്ലാം പിന്നീട് വെളിപ്പെടുത്താമെന്നും കേസില്‍ പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രതികരിച്ചു. 

Content Highlights: miss kerala winners ansi kabeer anaja shajan accident death case excise inquiry against hotel