കൊച്ചി: വാഹനാപകടത്തില്‍ മോഡലുകള്‍ മരണപ്പെട്ട കേസില്‍ സുപ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് കായലില്‍നിന്ന് കിട്ടിയതായും എന്നാല്‍ ഇത് തിരികെ കായലിൽ തന്നെയിട്ടെന്നും മത്സ്യത്തൊഴിലാളി മൊഴി നൽകിയതായി പോലീസ്. തിങ്കളാഴ്ച രാവിലെ 10-ന് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലില്‍ മീന്‍പിടിച്ച വള്ളക്കാരനാണ് ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചത്. എന്നാല്‍, ഇത് തിരിച്ചറിയാനാകാതെ പോയ മീന്‍പിടിത്തക്കാരന്‍ ഹാര്‍ഡ് ഡിസ്‌ക് വീണ്ടും കായലിലേക്ക് തള്ളുകയായിരുന്നു. ഇതോടെ കായലില്‍ തള്ളിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടുമെന്ന് അന്വേഷണസംഘം പറഞ്ഞു. 

miss kerala accident
ഹാര്‍ഡ് ഡിസ്‌ക്കിനായി കായലില്‍ നടക്കുന്ന തിരച്ചില്‍. ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/മാതൃഭൂമി

ഡി.ജെ. പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌ക് തിങ്കളാഴ്ച മീന്‍പിടിത്തക്കാരന്റെ വലയില്‍ കുടുങ്ങിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇത് എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്ന ഇയാള്‍ തിരികെ കായലിലേക്ക് തന്നെ എറിയുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ് ടീം കായലില്‍ പരിശോധനയ്ക്കിറങ്ങുന്നതിന് മുമ്പായിരുന്നു ഈ സംഭവം. 

miss kerala accident death
കായലില്‍ തിരച്ചില്‍ നടത്തുന്ന പോലീസ് സംഘം മത്സ്യത്തൊഴിലാളികളില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്നു. ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/മാതൃഭൂമി

ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ച് വീണ്ടും തിരച്ചില്‍ നടത്താനാണ് പോലീസിന്റെ നീക്കം. വല ഉപയോഗിച്ചും കായലില്‍ തിരച്ചില്‍ നടത്തും. അതേസമയം, മത്സ്യത്തൊഴിലാളിക്ക് ഹാര്‍ഡ് ഡിസ്‌ക് കിട്ടിയെന്ന വെളിപ്പെടുത്തല്‍ പോലീസിന്റെ തിരക്കഥയാണെന്നും ആക്ഷേപമുണ്ട്. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ അന്വേഷണം വൈകിപ്പിച്ചെന്ന സാഹചര്യത്തില്‍ പോലീസിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് ചെറുക്കാനുള്ള നീക്കമാണോ പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.

miss kerala accident
കായലില്‍ തിരച്ചില്‍ നടത്തുന്ന പോലീസ് സംഘം മത്സ്യത്തൊഴിലാളികളില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്നു. ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/മാതൃഭൂമി

Content Highlights: miss kerala winners accident death searching for missing hard disk