കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കാറില്‍ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനുമായി പോലീസ് തെളിവെടുപ്പ് നടത്തി. മോഡലുകളും സൈജുവും ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍, മോഡലുകളുടെ കാര്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ച കുണ്ടന്നൂര്‍ ജങ്ഷന്‍, അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. വാഹനം പിന്തുടര്‍ന്ന കാര്യങ്ങള്‍ സൈജു അന്വേഷണ സംഘത്തിനു മുന്നില്‍ വിവരിച്ചു.

സൈജുവിനെ 30 വരെ എറണാകുളം ജെ.എഫ്.സി.എം. കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. സൈജുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. നേരത്തെ അറസ്റ്റിലായ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കില്ലെന്നു കണ്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. മോഡലുകള്‍ സഞ്ചരിച്ച കാര്‍ ഓടിച്ച അബ്ദുള്‍ റഹ്മാന്‍ മദ്യപിച്ചിരുന്നെന്ന് അറിഞ്ഞുകൊണ്ടാണ് സൈജു പിന്തുടര്‍ന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. സൈജു നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണെന്നും പോലീസ് അറിയിച്ചു. മനഃപൂര്‍വമല്ലാത്ത നരഹത്യ, ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരേ ചുമത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം സൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും സൈജുവിനെതിരേ കേസുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പാലാരിവട്ടം സ്റ്റേഷനിലും സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിന്റെ ഔഡി കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും.

മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും

സൈജുവിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാള്‍ നടത്തിയ മൊബൈല്‍ ചാറ്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകും.

ഡി.ജെ. പാര്‍ട്ടികളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. സിന്തറ്റിക് ലഹരിവസ്തുക്കളുടെയും ഇവ ഉപയോഗിക്കുന്നതിന്റെയും ചിത്രങ്ങളും സൈജുവിന്റെ ഫോണിലുണ്ട്. നിരവധി യുവതികളുടെ ചിത്രങ്ങളും കണ്ടെടുത്തു. ഇതിലെല്ലാം സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.