കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെ ചോദ്യംചെയ്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നതിനാല്‍ റോയിയെ പോലീസിന് ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

അറസ്റ്റ് ചെയ്ത് വൈകാതെ റോയി ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ റോയിക്ക് കോടതി ജാമ്യവും അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയാണ് റോയി.

സൈജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റോയിയുടെ ചോദ്യം ചെയ്യല്‍. സൈജുവിന്റെ ഫോണില്‍നിന്ന് നമ്പര്‍ 18 ഹോട്ടലില്‍ മൂന്നുദിവസം നടന്ന ഡി.ജെ. പാര്‍ട്ടികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ മയക്കുമരുന്ന് ഉപയോഗം നടന്നതായും സൈജു മൊഴി നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ അന്വേഷണ സംഘം റോയിയില്‍ നിന്ന് ചോദിച്ചറിഞ്ഞു.

ഹോട്ടലിലെ പാര്‍ട്ടികളില്‍ റോയിയും ഹോട്ടലിന്റെ മാനേജരായ അനീഷും പങ്കെടുക്കുന്ന വീഡിയോയും പോലീസിന്റെ കൈയിലുണ്ട്. ആവശ്യമെങ്കില്‍ റോയിയെ വീണ്ടും ചോദ്യംചെയ്യുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.

അപകടദിവസം വന്നവര്‍ ആര്?

മോഡലുകള്‍ മരിച്ചദിവസം ഹോട്ടലില്‍ വന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് കടക്കാന്‍ പോലീസ് ഇപ്പോഴും തയ്യാറല്ല. പകരം സൈജുവിന്റെ ഫോണില്‍നിന്ന് ലഭിച്ച ഡി.ജെ. പാര്‍ട്ടികളുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്.

ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്ന റോയിയുടെ മൊഴി സത്യമാണോ എന്ന് പരിശോധിക്കാനും പോലീസ് തയ്യാറല്ല. ഉന്നതരടക്കം അപകടദിവസം നമ്പര്‍ 18 ഹോട്ടലില്‍ എത്തിയിരുന്നു. ഇവരെ രക്ഷപ്പെടുത്തുന്നതിനായാണ് ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതെന്ന് ആദ്യംമുതല്‍ ആക്ഷേപമുണ്ടായിരുന്നു.എന്നാല്‍ തുടക്കംമുതല്‍, ഉന്നതരാരും ഹോട്ടലില്‍ എത്തിയിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നുമായിരുന്നു പോലീസ് നിലപാട്.

മുടിയും നഖവും പരിശോധിക്കും

പ്രതി സൈജു തങ്കച്ചനുമൊത്ത് ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മുടി, നഖം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കും. ഇവര്‍ സ്ഥിരം ലഹരി ഉപയോക്താക്കളാണോ എന്ന് സ്ഥിരീകരിക്കുന്നതിനാണിത്. സിന്തറ്റിക് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ആറുമാസം വരെ ഇതിന്റെ അംശം മുടിയിലും നഖത്തിലും ഉണ്ടാകും.

നേരത്തെതന്നെ സൈജുവിന്റെ മുടിയും നഖവും പോലീസ് ശേഖരിക്കുകയും ഇത് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. സൈജുവിന്റെ മൊബൈല്‍ ഫോണില്‍നിന്ന് നിരവധിപേര്‍ ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നതല്ലാതെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് ചോദ്യംചെയ്യലിന് ഹാജരായവര്‍ മൊഴിനല്‍കിയത്. പരിശോധനാ ഫലത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ഇവരെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.