കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കാറപകടത്തില്‍ മരിച്ച കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌കിനായുള്ള തിരച്ചില്‍ തുടരുന്നു. മൂന്നാം ദിവസം കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് കണ്ണങ്ങാട്ട് പാലത്തിനു താഴെ കായലില്‍ തിരച്ചില്‍ നടത്തിയത്. വൈകീട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഡി.ജെ. പാര്‍ട്ടി നടന്ന ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതുന്ന ഹാര്‍ഡ് ഡിസ്‌കാണ് തിരയുന്നത്. മത്സ്യബന്ധനത്തിനിടെ തിങ്കളാഴ്ച ഹാര്‍ഡ് ഡിസ്‌ക് വലയില്‍ കുടുങ്ങിയെന്നും ഇത് കായലില്‍ത്തന്നെ ഉപേക്ഷിച്ചെന്നുമുള്ള വിവരത്തെ തുടര്‍ന്ന് ഈ ഭാഗത്ത് ബുധനാഴ്ച തിരച്ചില്‍ നടത്തി. ഹാര്‍ഡ് ഡിസ്‌കിന്റെ ചിത്രം മത്സ്യത്തൊഴിലാളിയെ കാണിച്ച് ഇതുതന്നെയാണ് വലയില്‍ കുടുങ്ങിയതെന്ന് പോലീസ് ഉറപ്പുവരുത്തി.

ചെളിയില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കാന്‍ പറ്റുന്ന വല ഉപയോഗിച്ചായിരുന്നു തിരച്ചില്‍. എസ്.ഐ.മാരായ എസ്.എ. ഷാജി, ഗില്‍ബര്‍ട്ട് റാഫേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കടലോര ജാഗ്രതാ സമിതിയിലെ മത്സ്യത്തൊഴിലാളികളാണ് തിരച്ചിലിനിറങ്ങിയത്.

സൈജുവിനും റോയിക്കും നോട്ടീസ്

മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചനും ഹോട്ടലുടമ റോയി വയലാറ്റിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ച് അന്വേഷണ സംഘം നോട്ടീസ് നല്‍കി. സൈജു വീട്ടിലില്ലാത്തതിനാല്‍ സഹോദരനാണ് നോട്ടീസ് നല്‍കിയത്.

സൈജു വീട്ടിലില്ല, ഫോണ്‍ സ്വിച്ച് ഓഫ്

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ കാറപകടത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട് സൈജു തങ്കച്ചനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കാക്കനാട് ഇടച്ചിറയിലെ ഫ്‌ളാറ്റിലാണ് സൈജു താമസിക്കുന്നത്. ഇവിടെ അന്വേഷണ സംഘം എത്തിയെങ്കിലും ഫ്‌ലാറ്റ് അടച്ചിട്ടിരിക്കുകയാണ്. സൈജുവിന്റെ രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഇയാള്‍ കൊച്ചിയില്‍ തന്നെയുണ്ടെന്നാണ് നിഗമനം. സൈജുവിന്റെ ബന്ധുവിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തില്‍ പെട്ട കാറിനെ പിന്തുടര്‍ന്ന സൈജു നിലവില്‍ കേസില്‍ പ്രതിയല്ല.

കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം

കേസില്‍ കാര്‍ കേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം. കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാന്‍ കൊണ്ടുപോയ ഇന്നോവ കാര്‍ അന്വേഷണ സംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനം സംഭവദിവസം എവിടെയെല്ലാം സഞ്ചരിച്ചിട്ടുണ്ട് എന്ന് അന്വേഷിക്കും. മറ്റെവിടെയെങ്കിലുമാണോ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ചതെന്ന് കണ്ടെത്തുന്നതിനാണിത്. ഹാര്‍ഡ് ഡിസ്‌ക് കായലില്‍നിന്ന് മത്സ്യത്തൊഴിലാളിക്ക് കിട്ടിയെന്നു പറയുന്നത് മനപ്പൂര്‍വം കെട്ടിച്ചമച്ചതാണോ എന്നും സംശയിക്കുന്നുണ്ട്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയെന്ന വിവരം പുറത്തുവിട്ടത്.

സി.ഡി.ആറിലും അന്വേഷണമില്ല...

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കായലില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. ഹാര്‍ഡ് ഡിസ്‌ക് കിട്ടിയാലും ഇതിലെ ഡേറ്റ വീണ്ടെടുക്കാനാകുമോ എന്ന് ഉറപ്പുമില്ല. കേസില്‍ ദുരൂഹത അഴിക്കാനുള്ള ആകെയുള്ള തെളിവായാണ് ഹാര്‍ഡ് ഡിസ്‌കിനെ പോലീസ് കാണുന്നത്. എന്നാല്‍, കേസന്വേഷണത്തില്‍ പ്രധാന ഡിജിറ്റല്‍ തെളിവാകാന്‍ സാധ്യതയുള്ള കോള്‍ ഡീറ്റെയില്‍ റെക്കോഡിനെ (സി.ഡി.ആര്‍.) അന്വേഷണ സംഘം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ഹാര്‍ഡ് ഡിസ്‌ക് കിട്ടിയില്ലെങ്കില്‍ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവും ഹോട്ടലില്‍ എത്തിയ പ്രമുഖരെ കുറിച്ചുള്ള അന്വേഷണവും അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഹാര്‍ഡ് ഡിസ്‌ക് കിട്ടിയാലും ഇവയില്‍നിന്ന് ഡേറ്റ ലഭിച്ചില്ലെന്നു പറഞ്ഞും അന്വേഷണം ഒഴിവാക്കാം. എന്നാല്‍, സി.ഡി.ആര്‍. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള തെളിവായതിനാല്‍ ഇത് നശിപ്പിക്കാനോ ഒഴിവാക്കാനോ സാധിക്കില്ല.

കാക്കനാട് മയക്കുമരുന്ന് കേസില്‍ എക്സൈസ് ക്രൈംബ്രാഞ്ച് നടത്തിയത് ഇത്തരം നീക്കമായിരുന്നു. ആദ്യം അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൗനം പാലിച്ചപ്പോള്‍ എക്സൈസ് ക്രൈംബ്രാഞ്ച് സി.ഡി.ആര്‍. കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.സി.ഡി.ആറിലെ വിവരങ്ങള്‍ വെച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ പ്രതികള്‍ക്ക് സത്യം പറയേണ്ടി വന്നു. മാത്രമല്ല, സി.ഡി.ആര്‍. വിവരങ്ങള്‍ വഴി പത്തിലധികം പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനായി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസിന് സി.ഡി.ആര്‍. വിവരങ്ങള്‍ എളുപ്പം ശേഖരിക്കാം. ഇതിന് ജില്ലാ പോലീസ് മേധാവിയുടെ സമ്മതം മാത്രമാണ് വേണ്ടിവരിക.