കൊച്ചി: മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലേക്ക് കടന്ന് അന്വേഷണസംഘം. അറസ്റ്റിലായ സൈജു തങ്കച്ചന്‍ ലഹരി ഉപയോഗിച്ചതിനടക്കം തെളിവുകള്‍ കണ്ടെത്താനാണ് ശാസ്ത്രീയ പരിശോധനയും നടത്തുന്നത്. ഇതിനായി സൈജുവിന്റെ മുടിനാരുകളും നഖവും ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാകും. 

അതിനിടെ, ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ വീണ്ടും ചോദ്യംചെയ്യാനും ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിട്ടുണ്ട്. സൈജുവില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് റോയിയെ വീണ്ടും ചോദ്യംചെയ്യുന്നത്. കഴിഞ്ഞദിവസം നമ്പര്‍ 18 ഹോട്ടലില്‍ വീണ്ടും റെയ്ഡ് നടത്തിയിരുന്നു. 

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 27, ഡിസംബര്‍ 27, ഈവര്‍ഷം ഒക്ടോബര്‍ 9 തീയതികളില്‍ നമ്പര്‍ 18 ഹോട്ടലില്‍നിന്ന് പകര്‍ത്തിയ വീഡിയോകളാണ് സൈജു തങ്കച്ചന്റെ ഫോണില്‍നിന്ന് ലഭിച്ചത്. ഇവിടെ മയക്കുമരുന്നിന്റെ ഉപയോഗം നടന്നതായി സൈജുവിന്റെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടത്തിയത്. രണ്ടുമണിക്കൂര്‍ പരിശോധന നീണ്ടുനിന്നു.

തൃക്കാക്കര ഒയോ റൂം, മരടിലെ ഹോംസ്റ്റേ, പനങ്ങാട് റിസോര്‍ട്ട്, ചിലവന്നൂര്‍, കാക്കനാട്, എടത്തല എന്നിവിടങ്ങളിലെ ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

Content Highlights: miss kerala winners accident death case inquiry about saiju thankachan drugs usage